ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടുന്നത് ആവേശകരമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. മോദിയുമായി തനിക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.വരാനിരിക്കുന്ന ഹൗഡി മോഡി പരിപാടിയിൽ നിർണ്ണായകമായ ചില പ്രഖ്യാപനങ്ങൾക്ക് സാദ്ധ്യതയുള്ളതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വിലയിരുത്തുന്നു.
മോദിയും ഇന്ത്യയുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. അത് കൊണ്ടാണ് ഹൗഡി മോഡി പരിപാടിയിൽ ക്ഷണം ലഭിച്ചപ്പോൾ പോകാൻ തീരുമാനിച്ചത്. വലിയ ജനപിന്തുണയുള്ള നേതാവാണ് നരേന്ദ്ര മോദിയെന്നും അതു കൊണ്ട് തന്നെ പരിപാടിക്ക് വലിയ ജനപങ്കാളിത്തമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 22 ഞായറാഴ്ച രാത്രി ഹൂസ്റ്റണിലെ എൻ ആർ ജി സ്റ്റേഡിയത്തിലാണ് പരിപാടി. അമ്പതിനായിരത്തോളം പേരാണ് പരിപടിയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമേരിക്കയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് കിട്ടുന്ന ഏറ്റവും വലിയ സ്വീകരണമാണ് മോദിക്ക് ലഭിക്കാൻ പോകുന്നത്.
മോദിയും ട്രമ്പും ഇതാദ്യമായാണ് ഒരു പൊതുപരിപാടിയിൽ ഒരുമിച്ച് വേദി പങ്കിടാൻ പോകുന്നത്. ഒരു വിദേശ നേതാവിനൊപ്പം ഇത്തരമൊരു പരിപാടിയിൽ അമേരിക്കൻ രാഷ്ട്രപതി പങ്കെടുക്കുന്നത് അപൂർവ്വമാണ്. അമേരിക്കയിലെ അറുപതോളം ജനപ്രതിനിധികളും അമ്പതോളം ഇന്ത്യൻ വംശജരായ അമേരിക്കൻ നേതാക്കളും പങ്കെടുക്കുന്ന പരിപാടിയിൽ 90 മിനിട്ട് ദൈർഘ്യമുള്ള സാംസ്കാരിക പരിപാടികളും ഉണ്ടാകും. നയതന്ത്ര ഉദ്യോഗസ്ഥരും ഗവർണ്ണർമാരും മേയർമാരും വ്യവസായികളും പങ്കെടുക്കുന്ന ഹൗഡി മോഡി പരിപാടിയിൽ വാണിജ്യ സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനം കൈക്കൊള്ളാൻ സാദ്ധ്യതയുണ്ട്.
ആഗോള സമാധാനം, വികസനം, മനുഷ്യ പുരോഗതി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട സംവാദത്തിനും ‘ഹൗഡി മോഡി’ വേദി സാക്ഷിയാകും.
Discussion about this post