ഡൽഹി: പാക് അധിനിവേശ കശ്മീർ തിരിച്ചു പിടിക്കുമെന്നത് ഉറപ്പാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. അത് കാലാകാലങ്ങളായി ഇന്ത്യയുടെ ആവശ്യമാണ്. വിഷയവുമായി ബന്ധപ്പെട്ട് 1994ൽ നരസിംഹ റാവു സർക്കാർ പ്രമേയം പാസാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. അന്നില്ലാത്ത എതിർപ്പ് ഇന്ന് ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. രാജ്യ താത്പര്യത്തിന് മുന്നിൽ രാഷ്ട്രീയം കളിക്കുന്നത് ഭൂഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഇന്റർനെറ്റ് അടക്കമുള്ള സംവിധാനങ്ങൾ ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളെല്ലാം ഉടൻ നീക്കും. മനുഷ്യന്റെ ജീവിതത്തിനാണ് ഇന്റർനെറ്റ് കണക്ഷനേക്കാൾ വിലയെന്നും മന്ത്രി പറഞ്ഞു.
കശ്മീരിന്റെ സംസ്കാരത്തെ ആദരിക്കുന്നു. എന്നാൽ വിദ്യാലയങ്ങൾ അഗ്നിക്കിരയാക്കുന്ന വിഘടനവാദികളോട് സ്വാതന്ത്ര്യത്തെക്കുറിച്ച് ചർച്ച നടത്തിയിട്ട് കാര്യമില്ല. സ്വന്തം മക്കളെ വിദേശത്ത് സുരക്ഷിതമായി വിട്ടിരിക്കുന്നവരാണ് തെരുവിൽ ആയുധമെടുക്കുന്ന യുവാക്കളെ വഴി പിഴപ്പിക്കുന്നതെന്നും ജിതേന്ദ്ര സിംഗ് ആരോപിച്ചു.
നൂറ്റിമുപ്പത് കോടി ജനങ്ങളുടെ പ്രതിനിധികളാണ് പാർലമെന്റിൽ ഉള്ളത്. കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ ഇരു സഭകളിലും നയം വ്യക്തമാക്കിയിരുന്നു. ഒന്നോ രണ്ടോ പേർക്ക് വേണ്ടി സർക്കാരിന് ഭൂരിപക്ഷാഭിപ്രായത്തെ കൈയ്യൊഴിയാൻ കഴിയില്ല. അദ്ദേഹം പറഞ്ഞു.
പ്രധാന മന്ത്രിയായതിന് ശേഷമുള്ള ആദ്യത്തെ ദീപാവലി നരേന്ദ്ര മോദി ആഘോഷിച്ചത് കശ്മീരിലെ പ്രളയബാധിതർക്കൊപ്പം ആയിരുന്നു. അന്ന് അദ്ദേഹം അവർക്കായി 18000 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. അതിപ്പോൾ ഒരു ലക്ഷം കോടിയുടെ സാമ്പത്തിക സഹായമായി വർദ്ധിച്ചിരിക്കുകയാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Discussion about this post