ഹൂസ്റ്റൺ: ഇന്ത്യൻ- അമേരിക്കൻ സാംസ്കാരിക സമന്വയത്തിന്റെ പ്രഖ്യാപനമായി ‘ഹൗഡി മോഡി’ പരിപാടി ഇന്ന് ടെക്സാസിലെ ഹൂസ്റ്റണിൽ നടക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ആദ്യമായി വേദി പങ്കിടുന്ന ചരിത്രപരമായ ഈ പരിപടി ഇരു സംസ്കാരങ്ങളുടെ സാംസ്കാരിക ബൗദ്ധിക സാമൂഹ്യ ചരിത്രങ്ങളുടെ പരിച്ഛേദമാകും.
പരിപാടിയിൽ ഭാഗമാകുന്നതിന് അമ്പതിനായിരത്തോളം പേർ ഇന്ന് ഹൂസ്റ്റണിലെ എൻ ആർ ജി സ്റ്റേഡിയത്തിൽ തടിച്ചു കൂടുമ്പോൾ ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് അമേരിക്കയിൽ ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ സ്വീകരണമാകും അത്. മാർപ്പാപ്പക്ക് ശേഷം ഒരു വിദേശ പൗരന് അമേരിക്കയിൽ ലഭിക്കുന്ന ഏറ്റവും വലിയ സദസ്സിനെയാണ് നരേന്ദ്ര മോദി അഭിസംബോധന ചെയ്യാൻ പോകുന്നത്. ‘പങ്കുവെയ്ക്കപ്പെടുന്ന സ്വപ്നങ്ങൾ, ശോഭനമായ ഭാവി’ എന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ പരിപാടിയുടെ സത്ത ഉൾക്കൊള്ളുന്നതാണ്. അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ വിജയഗാഥകളും ഒപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ തുടർച്ചയും വേദിയെ പ്രകമ്പനം കൊള്ളിക്കും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ശക്തവും അതുല്യവുമായ പ്രതിഫലനമാകും പരിപാടിയെന്ന് അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി ഹർഷ വർദ്ധൻ ശ്രിംഗ്ല വ്യക്തമാക്കി.
ഐക്യരാഷ്ട്ര പൊതുസഭയുടെ വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ എത്തുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ അമേരിക്കൻ സന്ദർശനമെന്ന പ്രത്യേകതയും ഇതിനുണ്ട്. ന്യൂയോർക്കിലേക്ക് തിരിക്കും മുൻപ് അദ്ദേഹം ഹൂസ്റ്റണിലെ ഊർജ്ജ സ്ഥാപന മേധാവികളുമായി കൂടിക്കാഴ്ച നടത്തും.
ജൂണിൽ ജപ്പാനിൽ നടന്ന ജി20 ഉച്ചകോടിക്കും കഴിഞ്ഞ മാസം ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കും ശേഷം മൂന്ന് മാസത്തിനിടെ നരേന്ദ്ര മോദിയും ട്രമ്പും തമ്മിൽ നടക്കുന്ന നാലാമത്തെ കൂടിക്കാഴ്ചയാകും ഇത്. ടെക്സാസിലെ നൂറോളം സംഘടനകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
അമേരിക്കയുടെ സാംസ്കാരിക വൈവിദ്ധ്യം വിളിച്ചോതുന്ന ഹൂസ്റ്റൺ ലോകത്തിന്റെ ഊർജ്ജ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. ‘ഹൗഡി മോഡി‘ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ടെക്സാസ് ഇന്ത്യ ഫോറത്തിന്റെയും ഹൂസ്റ്റണിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന്റെയും നേതൃത്വത്തിൽ നഗരാധിപന്മാരും ഗവർണ്ണർമാരും ആയിരക്കണക്കിന് വോളന്റിയർമാരും ഒരേ മനസ്സോടെ പ്രവർത്തിക്കുകയാണ്.
ഇന്ത്യയുടെയും അമേരിക്കയുടെയും ചിരപുരാതന ബന്ധത്തിന്റെ ചരിത്രം പറയുന്ന ‘വോവെൻ- ദി ഇന്ത്യൻ അമേരിക്കൻ സ്റ്റോറി’ എന്ന തൊണ്ണൂറ് മിനിട്ട് ദൈർഘ്യമുള്ള സാംസ്കാരിക പരിപാടിയോടെയാണ് ഹൗഡി മോഡിക്ക് തുടക്കം കുറിക്കുക. ടെക്സാസിലും അമേരിക്കയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള നാനൂറോളം കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കും. ഇരുപത്തിയേഴ് സംഘങ്ങളാണ് പരിപാടിയുടെ ഭാഗമാകുക. ഇന്ത്യൻ അമേരിക്കൻ യുവതയുടെ പൊതു അഭിരുചിക്ക് ഇണങ്ങുന്ന രണ്ട് ഗാനങ്ങൾ പരിപാടിക്ക് വേണ്ടി മാത്രമായി തയ്യാറാക്കിയിട്ടുണ്ട്.
തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. അതിന് ശേഷമാകും നരേന്ദ്ര മോദിയുടെ പ്രസംഗം.
മൂന്ന് മണിക്കൂറാണ് പരിപാടിയുടെ ആകെ ദൈർഘ്യം. ഇന്ത്യൻ സമയം രാത്രി 8.30ന് ആരംഭിക്കുന്ന പരിപാടി രാത്രി 11.30 വരെ നീളും. സ്റ്റേഡിയത്തിൽ പരിപാടി വീക്ഷിക്കുന്ന എല്ലാവർക്കും തങ്ങളുടെ സ്മാർട് ഫോണുകളിലൂടെ പരിപാടിയുടെ ഇംഗ്ലീഷ് പരിഭാഷ നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാകും.
ഫേസ്ബുക്ക് സി ഇ ഒ മാർക്ക് സുക്കർബർഗ്, മൈക്രോസോഫ്ട് സി ഇ ഒ സത്യ നദെല്ല,റൈസ് സർവ്വകലാശാല മേധാവി ഡേവിഡ് ലീബ്രുൺ തുടങ്ങി നിരവധി പ്രമുഖർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ടെക്സാസിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനമുണ്ടെങ്കിലും പരിപാടിയുടെ നടത്തിപ്പിനെ അത് ബാധിക്കില്ലെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. ടെക്സാസ് ഗവർണ്ണർ ഗ്രെഗ് ആബട്ട് മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൗഡി മോഡി പരിപാടിയിൽ നിർണ്ണായകമായ ചില പ്രഖ്യാപനങ്ങൾക്ക് സാദ്ധ്യതയുള്ളതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വിലയിരുത്തുന്നുണ്ട്. ആഗോള സമാധാനം, വികസനം, മനുഷ്യ പുരോഗതി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട സംവാദത്തിനും ‘ഹൗഡി മോഡി’ വേദി സാക്ഷിയാകും.
Discussion about this post