ഹൂസ്റ്റൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും വേദി പങ്കിടുന്ന ‘ഹൗഡി മോഡി’ പരിപാടി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കരണത്തേറ്റ അടിയാണെന്ന് ട്രമ്പിന്റെ മുൻ ഉപദേശകൻ ശലഭ് ശാലി കുമാർ. ഇത് അമേരിക്കൻ ഭരണകൂടവുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ബന്ധത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കുന്നതുമായി ബന്ധപ്പെട്ട് ട്രമ്പിന്റെ ഭാഗത്ത് നിന്നും അനാവശ്യമായ പ്രസ്താവനകൾ ഒന്നും ഉണ്ടാകാൻ സാദ്ധ്യതയില്ലെന്നും ശലഭ് കുമാർ പറഞ്ഞു. ഇന്ത്യ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്താണെന്നും ഇന്ത്യയുടെ അഭിപ്രായം ആരായാതെ കശ്മീർ വിഷയത്തിൽ അമേരിക്ക ഒരു കാരണവശാലും ഇടപെടില്ല എന്നുള്ളത് അമേരിക്കയുടെ പ്രഖ്യാപിത വിദേശ നയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയോടും ഹിന്ദുക്കളോടും ട്രമ്പിന് പ്രത്യേക മമതയാണുള്ളതെന്ന് അദ്ദേഹത്തിന്റെ 2016 ഒക്ടോബർ 15ലെ പ്രസംഗത്തിൽ തന്നെ വ്യക്തമായതാണെന്നും ശലഭ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വേദി പങ്കിടുന്ന ഹൗഡി മോഡി പരിപാടി ഇന്ന് അമേരിക്കയിലെ എൻ ആർ ജി സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ അമേരിക്കൻ വിഭാഗത്തിൽ പെടുന്ന അമ്പതിനായിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കും.
Discussion about this post