ഡല്‍ഹി: ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങളും സ്കൂളുകളും വീണ്ടും തുറക്കുമെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷന് റെഡ്ഡി.
ജമ്മു കശ്മീരില്‍ അടച്ചുപൂട്ടുകയോ നശിപ്പിക്കുകയോ ചെയ്ത അമ്പതിനായിരത്തോളം
ക്ഷേത്രങ്ങള്‍ സംബന്ധിച്ചും, സ്കൂളുകള്‍ സംബന്ധിച്ചും സര്‍വേ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു.
‘അടച്ചിട്ട ക്ഷേത്രങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തി അവ വീണ്ടും തുറക്കും. സ്ക്കൂളുകളും അടച്ചിട്ടിരിക്കുന്ന സിനിമ തിയറ്ററുകളും തുറക്കാനും നടപടി സ്വീകരിക്കും. ഇപ്പോള്‍ കശ്മീര്‍ താഴ്വരയില് സിനിമാ തിയേറ്ററുകളില്ല എന്നതാണ് അവസ്ഥ. 20 വര്‍ഷമായി ഇവ അടച്ചിട്ടിരിക്കുകയാണ്. അവ വീണ്ടും തുറക്കുന്നതിനെക്കുറിച്ചും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.- ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കശ്മീരില്‍ ധാരാളം സര്‍ക്കാര്‍ ഭൂമി ലഭ്യമാണ്, അതിനാല്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭൂമി വാങ്ങേണ്ട ആവശ്യമില്ല. അവര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കും, അവിടെ അവര്‍ക്ക് സ്ഥാപനങ്ങള്‍ ആരംഭിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കശ്മീരില്‍ ഓരോ ഗ്രാമത്തില്‍ നിന്നും അഞ്ച് പേരെ വീതം സര്‍ക്കാര്‍ തസ്തികകളില്‍ നിയമിക്കും. കരസേനയും നാവികസേനയും വ്യോമസേനയും റിക്രൂട്ട്മെന്റ് ഡ്രൈവ് ആസൂത്രണം ചെയ്യുന്നുണ്ട്. ജമ്മു കശ്മീരില്‍ സര്‍വകലാശാലകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
മുന്‍ ജമ്മു കശ്മീര്‍ കോടിക്കണക്കിന് രൂപ കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെങ്കിലും അവ ചെലവഴിച്ചില്ല. സര്‍ക്കാരിന് കേന്ദ്രം നല്കിയ പണം ചിലവഴിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തും. ഇത് അന്വേഷിക്കുന്ന അഴിമതി വിരുദ്ധ ബ്യൂറോ യൂണിറ്റ് സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന് അധിനിവേശ കശ്മീര്‍ ഇന്ത്യയോട് ചേര്‍ക്കുക സര്‍ക്കാരിന്റെ അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു.
Discussion about this post