ഭൂരിപക്ഷ സമുദായക്കാരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിര്‍ദ്ദേശം അവഗണിച്ച് സിപിഎം. അഡ്വ.മനു സി പുളിക്കലാണ് സിപിഎം സ്ഥാനാര്‍ത്ഥി. എഎം ആരിഫ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റ് നിലനിര്‍ത്താന്‍ യുവനേതാവായ മനു സി പുളിക്കലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ സ്വന്തമാക്കുന്നതിനൊപ്പം, മറ്റ് സമുദായത്തില്‍ നിന്നുള്ള വോട്ടുകള്‍ നിലനിര്‍ത്താനും മനുവിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കഴിയുമെന്നാണ് പാര്‍ട്ടി കരുതുന്നത്.
അരൂരില്‍ ഹിന്ദു ഭൂരിപക്ഷമാണെന്നും, ഭൂരിപക്ഷ സമുദായത്തില്‍ പെടുന്ന ഒരാളെ മുന്നണികള്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എസ്എന്‍ഡിപി പിന്തുണ സിപിഎമ്മിനെന്ന അവകാശവാദം പാര്‍ട്ടി കേന്ദ്രങ്ങള്‍ നടത്തുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ ഈ പ്രസ്താവന. എന്നാല്‍ ഇത് കാര്യമാക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ എസ്എന്‍ഡിപി സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആരിഫിനെ പിന്തുണക്കുന്ന പ്രസ്താവനകള്‍ വെള്ളാപ്പള്ളി നടത്തുകയും ചെയ്തിരുന്നു. അരൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും, സിപിഎമ്മിനെ പിന്തുണക്കും എന്നുമുള്ള പ്രചാരണം വ്യാപകമായി നടക്കുന്നുണ്ട്. അരൂരില്‍ ഇത്തവണ എസ്എന്‍ഡിപി എന്ത്
പരസ്യനിലപാട് സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.
വയലാര്‍ പഞ്ചായത്തിലെ പുളിക്കല്‍ ലിറ്റില്‍ഫ്ലവര്‍ വില്ല പരേതനായ സിറിയക് എബ്രഹാമിന്റെയും ആലീസിന്റെയും മകനാണ് മനു സി പുളിക്കല്‍. ആലപ്പുഴ ജില്ലയിലെ വയലാറിലാണ് ജനനം.
സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിയേറ്റ് അംഗമായും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിയ്ക്കുകയാണ്.
Discussion about this post