അയോധ്യാ കേസിലെ വാദം ഒക്ടോബര്‍ 18ന് പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിര്‍ദേശിച്ചു. വാദം കേള്‍ക്കല്‍ ഒരു ദിവസം പോലും നീട്ടിനല്‍കാന്‍ കഴിയില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.കേസിലെ എല്ലാ കക്ഷികൾക്കും അവരവരുടെ വാദം പൂർത്തിയാക്കാൻ പത്തര ദിവസം കൂടിയുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നാലാഴ്ചയ്ക്കുള്ളിൽ കേസിൽ വിധി പറയാനാൽ കോടതിയുടേത് അത്ഭുത നേട്ടമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.നവംബര്‍ 17 നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. ഒക്ടോബര്‍ 18ന് വാദം പൂര്‍ത്തിയായാല്‍ പിന്നെ വിധിയെഴുതാന്‍ ഭരണഘടനാ ബെഞ്ചിന് ലഭിക്കുക ഒരുമാസത്തെ കാലാവധിയാണ്
അതേസമയം ഭരണഘടനാ ബെഞ്ച് തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഉള്‍പ്പടെ ആഴ്ചയില്‍ അഞ്ചുദിവസവും അയോധ്യാ കേസില്‍ വാദം കേള്‍ക്കുന്നുണ്ട്. ഇതിന് പുറമെ ദിവസവും അഞ്ചുമണി വരെയാണ് വാദംകേള്‍ക്കല്‍ നടക്കുന്നത്. സാധാരണ നാലുമണിവരെയാണ് കോടതി ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. 32-ാം ദിവസത്തെ വാദമാണ് ഇന്ന് ഭരണഘടനാ ബെഞ്ചിന് മുന്നില്‍ പുരോഗമിക്കുന്നത്.
അയോധ്യ കേസിലെ മധ്യസ്ഥ ചർച്ചകൾ ഫലം കാണാത്തതിനെ തുടർന്നാണ് സുപ്രീം കോടതി ദൈനം ദിന അടിസ്ഥാനത്തിൽ വാദം കേൾക്കാൻ തീരുമാനിച്ചത്. ഓഗസ്റ്റ് ആറാം തീയതിയാണ് നടപടി ആരംഭിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസ് എസ് എ ബോബ്ഡേ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്എ നസീർ എന്നിവരാണ് മറ്റ് അംഗങ്ങൾ. കേസിൽ ഇതുവരെ 32 ദിവസങ്ങളാണ് വാദം കേട്ടത്.
Discussion about this post