ഭീകരവാദത്തിനെതിരെ ആഗോള കൂട്ടായ്മ രൂപപ്പെടണമെന്ന് ഇന്ത്യ.ലോകസമാധാനത്തിനും സുരക്ഷിതത്വത്തിനും വെല്ലുവിളിയായി മാറിയ ഈ വിപത്തിനെതിരെ ഒരുമിക്കണം. ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയിൽ നടന്ന ചർച്ചയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ യുഎന്നും വിവിധ രാഷ്ട്ര കൂട്ടായ്മകളും തമ്മിലുള്ള സഹകരണത്തെക്കുറിച്ചുള്ള ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വി മുരളീധരൻ പങ്കെടുത്തു.
മോസ്‌കോ കേന്ദ്രമായുള്ള, 10 രാജ്യങ്ങളുടെ കൂട്ടായ്മയായ കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്‌സ് (സിഐഎസ്), മോസ്‌കോ കേന്ദ്രമായുള്ള ആറു രാജ്യങ്ങളുടെ കൂട്ടായ്മയായ കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷൻ (സിഎസ്ടിഒ), ബെയ്ജിങ് കേന്ദ്രമായുള്ള ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) എന്നിവയും യുഎന്നും തമ്മിലുള്ള സഹകരണത്തെക്കുറിച്ചായിരുന്നു ചർച്ച. ഇന്ത്യ എസ്സിഒയിലെ അംഗമാണ്.
ഇത്തവണത്തെ യുഎൻ പൊതുസഭയിൽ വിവിധ വേദികളിൽ ചർച്ച ചെയ്യപ്പെടുന്ന സുപ്രധാന വിഷയങ്ങളിലൊന്നാണ് ഭീകരവാദം. രക്ഷാസമിതിയിലെ ചർച്ച ഈ പശ്ചാത്തലത്തിലാണ് നടന്നത്. ലോകസമാധാനത്തിനുള്ള വെല്ലുവിളികളിൽ ലഹരിമരുന്നു കടത്ത്, ആധുനിക സാങ്കേതിക വിദ്യ ഉയർത്തുന്ന സുരക്ഷാ പ്രശ്‌നങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുമെങ്കിലും ഭീകരവാദമാണ് ലോക സുരക്ഷയ്ക്കും സമാധാനത്തിനുമുള്ള ഏറ്റവും വലിയ ഭീഷണിയെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഭീകരവാദ പ്രസ്ഥാനങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും സാമ്പത്തിക സഹായം നൽകുകയും ഭീകരപ്രവർത്തനം നടത്തുകയും ചെയ്യുന്ന ശക്തികൾ രാജ്യാതിർത്തികൾ ഭേദിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത്.
Discussion about this post