ജമ്മു: ജമ്മു കശ്മീരിലെ കത്വയിലും പൂഞ്ചിലും പ്രകോപനം തുടർന്ന് പാകിസ്ഥാൻ. മേഖലയിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ബി എസ് എഫ് ജവാന് പരിക്കേറ്റു.
കത്വ ജില്ലയിലെ ഹിരാനഗർ സെക്ടറിലെ മന്യാരിയിലെ കോൺസ്റ്റബിൽ അഭിഷേക് റോയിക്കാണ് പരിക്കേറ്റതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതിർത്തി മേഖലയിൽ രാവിലെ 8.15ഓടെയായിരുന്നു പാകിസ്ഥാൻ ആക്രമണം ആരംഭിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടി നൽകുന്നതിനിടെ 11.35 ഓടെയായിരുന്നു ജവാന് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതായും ഇപ്പോൽ നില തൃപ്തികരമാണെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. ഈ വർഷം ഇതു വരെ രണ്ടായിരം തവണ പാകിസ്ഥാൻ വെടി നിർത്തൽ ലംഘിച്ചു. ജനവാസമേഖലകളിലും ഗ്രാമങ്ങളിലുമാണ് പാകിസ്ഥാൻ ആക്രമണം നടത്തുന്നതെന്നും എന്നാൽ ഇന്ത്യൻ സേനയുടെ ശക്തമായ പ്രതിരോധമാണ് ആളപായങ്ങൾ ലഘൂകരിക്കുന്നതെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞയാഴ്ച റംബാനിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ബന്ദിയാക്കിയ മൂന്ന് ഭീകരരെ സൈന്യം വധിച്ച് വീട്ടുകാരെ മോചിപ്പിച്ചിരുന്നു.
പൂഞ്ചിലും കത്വയിലും ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്ത്യ പ്രത്യാക്രമണം ശക്തമാക്കിയതോടെ പാകിസ്ഥാൻ പ്രതിരോധത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
Discussion about this post