അബുദാബി: കശ്മീർ വിഷയത്തിലെ ഇന്ത്യൻ നിലപാട് അംഗീകരിച്ച് സൗദി അറേബ്യ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ച.യിലാണ് വിഷയത്തിലെ നിർണ്ണായക വഴിത്തിരിവ്. രണ്ട് മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ കശ്മീർ വിഷയമടക്കം മേഖലയിലെ പല വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.
ജമ്മു കശ്മീരിലെ ഇന്ത്യൻ നീക്കങ്ങളോട് അനുകൂലമായ പ്രതികരണമാണ് സൗദി രാജകുമാരന്റെ ഭാഗത്ത് നിന്നും തുടക്കം മുതലേ ഉണ്ടായത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രതിരോധ സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. കശ്മീർ വിഷയവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദി രാജകുമാരനെ കണ്ടതിന് പിന്നാലെയാണ് അജിത് ഡോവലിന്റെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
സൗദി അറേബ്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസൈദ് അൽ ഐബാനുമായും ഡോവൽ കൂടിക്കാഴ്ച നടത്തി.മേഖലയിലെ സുരക്ഷാ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യൻ നടപടിയെ എല്ലാ അന്താരാഷ്ട്ര വേദികളിലും ചോദ്യം ചെയ്യുന്ന പാകിസ്ഥാന് കനത്ത തിരിച്ചടിയായിരുന്നു വിഷയത്തിലെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ വിശിഷ്യ, സൗദിയുടെയും യു എ ഇയുടെയും സമീപനങ്ങൾ.
കശ്മീർ പുനരേകീകരണം നടന്ന് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു എ ഇയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സയീദ് പുരസ്കാരം ലഭിച്ചിരുന്നു. കൂടാതെ ഇറാനുമായി ബന്ധപ്പെട്ട ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കുമെന്നും ഇന്ത്യയിൽ നൂറ് ബില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നുമുള്ള സൗദിയുടെ പ്രഖ്യാപനവും പാകിസ്ഥാനെ പ്രതിസന്ധിയിൽ ആക്കിയിരുന്നു.
Discussion about this post