ഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ റഫാൽ യുദ്ധവിമാനങ്ങൾ എത്തുന്നു. വരുന്ന ചൊവ്വാഴ്ച രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് 36 റഫാൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഏറ്റുവാങ്ങും. അത്യാധുനിക ആയുധ സജ്ജീകരണങ്ങളോടെയാണ് വിമാനങ്ങൾ ഇന്ത്യക്ക് കൈമാറുന്നതെന്ന് നിർമ്മാതാക്കളായ എം ബി ഡി എ അറിയിച്ചു. വിമാനത്തോടൊപ്പം ഇന്ത്യക്ക് സ്വായത്തമാകാൻ പോകുന്ന മീറ്റിയോർ, സ്കാല്പ് മിസൈലുകൾ വ്യോമസേനക്ക് ശക്തമായ പ്രഹരശേഷിയും മേഖലയിൽ മേധാവിത്വവും നൽകുമെന്നും കമ്പനി വ്യക്തമാക്കി.
ഫ്രഞ്ച് നിർമ്മാണ കമ്പനിയായ ദസോൾ ഏവിയേഷൻ നിർമ്മിച്ച റഫാൽ യുദ്ധവിമാനങ്ങൾക്ക് ആദ്യ ഘട്ടമായി അമ്പത്തി ഒൻപതിനായിരം കോടി രൂപയാണ് ഇന്ത്യ ചിലവഴിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സൂക്ഷ്മ നിരീക്ഷണ പ്രയാണ വേഗമുള്ള മിസൈലാണ് മീറ്റിയോർ. ആഴത്തിൽ പ്രഹരമേൽപ്പിക്കാൻ ശേഷിയുള്ള മിസൈലാണ് സ്കാല്പ്. ഇവ രണ്ടും റഫാലിനൊപ്പം സ്വായത്തമാകുമ്പോൾ മേഖലയിൽ ഇന്ത്യക്ക് കൈവരാൻ പോകുന്നത് ചോദ്യം ചെയ്യപ്പെടാനാകാത്ത വ്യോമ മേധാവിത്വമാണ്.
നിലവിൽ യു കെ, ജർമനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾക്ക് മാത്രമാണ് മീറ്റിയോർ മിസൈൽ സാങ്കേതിക വിദ്യ കൈവശമുള്ളത്. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന ഈ മിസൈലുകൾ റഡാറിന്റെ കണ്ണ് വെട്ടിച്ച് ലക്ഷ്യം ഭേദിക്കാൻ സാധിക്കുന്നവയാണ്. അതിവേഗം പായുന്ന ജെറ്റുകൾ, ആളില്ലാ യുദ്ധവിമാനങ്ങൾ, ക്രൂസ് മിസൈലുകൾ എന്നിവയെ നിഷ്പ്രയാസം നശിപ്പിക്കാൻ ഇവയ്ക്ക് നിമിഷങ്ങൾക്കുള്ളിൽ സാധിക്കും.
ലോംഗ് റേഞ്ച് ആക്രമണങ്ങൾക്കും മുൻകൂട്ടി ഉറപ്പിച്ച ലക്ഷ്യങ്ങൾ ഭേദിക്കാനും കഴിയുന്നവയാണ് സ്കാല്പ് മിസൈലുകൾ. ഗൾഫ് യുദ്ധത്തിൽ ഉപയോഗിച്ചിട്ടുള്ള ഈ മിസൈലുകൾ നിലവിൽ യു കെയുടെയും ഫ്രാൻസിന്റെയും വ്യോമസേനകൾ ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യൻ വ്യോമസേനയുടെ പ്രഹരശേഷി കാര്യമായി വർദ്ധിപ്പിക്കാൻ പോകുന്ന റഫാൽ യുദ്ധവിമാനങ്ങളുടെ വരവ് പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നതെന്ന് നിയുക്ത വ്യോമസേനാ തലവൻ ചീഫ് മാർഷൽ രാകേഷ് കുമാർ സിംഗ് ബദാരിയ വ്യക്തമാക്കിയിരുന്നു.
ആധുനിക മിസൈൽ സംവിധാനങ്ങൾക്ക് പുറമെ ഇസ്രായേലി ഹെൽമെറ്റ് സംവിധാനം, റഡാർ മുന്നറിയിപ്പ് സംവിധാനം, സിഗ്നൽ ജാമറുകൾ, വ്യോമ ദൃശ്യ റെക്കോർഡിംഗ് സംവിധാനം, ഇൻഫ്രാ റെഡ് നിരീക്ഷണ സംവിധാനം തുടങ്ങിയവയും റഫാലിന്റെ ആകർഷണങ്ങളാണ്.
പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി ആധുനികവത്കരണ പദ്ധതികളെ വലിയ പ്രതീക്ഷയോടെയാണ് തങ്ങൾ നോക്കി കാണുന്നതെന്നും ഫ്രഞ്ച് കമ്പനി അധികൃതർ അറിയിച്ചു.
റഫാൽ യുദ്ധവിമാനങ്ങൾക്ക് പുറമെ ഇന്ത്യക്ക് വേണ്ടി മിസ്ത്രാൽ, ആസ്രാം മിസൈലുകൾ നിർമ്മിക്കുന്നതും എം ബി ഡി എയാണ്. ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വർ യുദ്ധവിമാനത്തിൽ ഉപയോഗിക്കാൻ കഴിയുന്ന അത്യാധുനിക വ്യോമ നിയന്ത്രിത മിസൈലാണ് ആസ്രാം.
Discussion about this post