ഡൽഹി: ജമ്മു കശ്മീരിന്റെ കേന്ദ്ര ഭരണ പ്രദേശ പദവി സ്ഥിരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സാഹചര്യം അനുകൂലമായാൽ സംസ്ഥാന പദവി നൽകുന്നത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിന്റെ സംസ്കാരവും നൈസർഗ്ഗികതയും സംരക്ഷിക്കുകയായിരുന്നു അനുച്ഛേദം 370ന്റെ ലക്ഷ്യമെന്ന വാദഗതി അദ്ദേഹം തള്ളി. എല്ലാ പ്രാദേശിക സംസ്കാരങ്ങളെയും സംരക്ഷിക്കാനുള്ള കരുത്ത് ഇന്ത്യൻ ഭരണഘടനയ്ക്ക് സ്വായത്തമാണെന്നും ആർട്ടിക്കിൾ 370 അതിർത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്ത് നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നും അമിത് ഷാ പറഞ്ഞു. ദേശീയ സുരക്ഷയ്ക്ക് മാത്രമല്ല സദ്ഭരണത്തിനും പൗരത്വ രജിസ്റ്റർ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ പൗരത്വ രജിസ്റ്ററിനെ രാഷ്ട്രീയപരമായി കാണേണ്ടതില്ല. വികസനത്തിന്റെ ഫലങ്ങൾ രാജ്യത്തെ എല്ലാവരിലേക്കും എത്തിക്കാൻ വേണ്ടിയുള്ള യത്നത്തിന്റെ ഭാഗമാണ് പൗരത്വ രജിസ്റ്ററെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
2018 ഐ പി എസ് ബാച്ചിലെ പ്രൊബേഷനറി ഉദ്യോഗസ്ഥാന്മാരോട് സംവദിക്കവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവിധ ദേശീയ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കിയത്. അഞ്ച് ട്രില്ല്യൺ ഡോളർ സമ്പദ് ഘടന എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തിന്റെ സാക്ഷാത്കാരത്തിന് ക്രമസമാധാന പരിപാലനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post