അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ നിർണ്ണായക യോഗം ഇന്ന് ഡൽഹിയിൽ നടക്കും. സമിതി കഴിഞ്ഞ ദിവസം ഇന്ത്യ ഇന്റർനാഷണൽ കേന്ദ്രത്തിൽ നടത്തിയ യോഗത്തിൽ കാര്യമായ നീക്കങ്ങളുണ്ടായില്ല.
ആത്മീയ ഗുരു ശ്രീശ്രീ രവിശങ്കറും മറ്റുളളവരും യോഗത്തിൽ പങ്കെടുത്തു. രാംലല്ല വിരാജ്മന്റെയും ,ഷിയ വഖഫ് ബോർഡിന്റെയും പ്രതിനിധികൾ യോഗം ബഹിഷ്‌കരിച്ചു. രാം ജന്മഭൂമി- ബാബ്‌റി മസ്ജിദ് കേസിൽ മൂന്ന് കക്ഷികളിൽ പ്രധാനപ്പെട്ട ഒരാളായ രാം ലല്ല വിരാജ്മാൻ മധ്യസ്ഥ നടപടികളിൽ പങ്കെടുക്കില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഹിന്ദു മഹാസഭയ്ക്ക് ശേഷം പളളിക്ക് വേണ്ടി വാദിക്കുന്ന ഷിയ വഖഫ് ബോർഡും സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥരുടെ ക്ഷണം നിരസിച്ചു. രാം ലല്ല വിരാജ്മാൻ അഭിഭാഷകനായ സിഎസ് വൈദ്യനാഥൻ സെപ്റ്റംബർ 30 നാണ് കോടതിയെ സമീപിച്ചത്. അതിന് ശേഷം ഷിയ വഖഫ് ബോർഡിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരിലൊരാളായ ഇജാസ് മക്ബൂളിനെ ഒക്ടോബർ എട്ടിന് മധ്യസ്ഥ സമിതിയ്ക്ക് മുന്നിൽ വരാൻ ആവശ്യപ്പെട്ടിരുന്നു. കോടതി നടപടികളിൽ തിരക്കിലായതിനാൽ എത്താൻ കഴിയില്ലെന്ന് അഭിഭാഷകൻ മധ്യസ്ഥരെ അറിയിച്ചു.
മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എഫ്എംഐ ഖലീഫുളള,ആർട്ട് ഓഫ് ലീവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരാണ് മധ്യസ്ഥ സമിതിയിൽ ഉളളത്. സെപ്റ്റംബർ 18 ന് ചീഫ്് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വാദങ്ങൾക്കൊപ്പം മധ്യസ്ഥതയും പുനരാരംഭിക്കാൻ അനുമതി നൽകിയിരുന്നു. ഒക്ടോബർ 18 നകം സുപ്രീം കോടതിയിൽ കേസിലെ വാദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നതിന് അയോധ്യ കേസിൽ വിധി പറയുമെന്നാണ് സൂചന . ഓഗസ്റ്റ് 5 മുതലാണ് കേസിൽ പ്രതിദിന വാദം കേൾക്കാൻ സുപ്രീം കോടതി ആരംഭിച്ചത്. നിലവിൽ ശനിയാഴ്ചയും വാദം കേൾക്കുന്നുണ്ട്.
Discussion about this post