മലപ്പുറം തിരൂരിൽ സ്വകാര്യ ബസിൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം.പീഡന ദൃശ്യങ്ങൾ സഹയാത്രിക മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി പൊലീസിനു കൈമാറി. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകാൻ തയ്യാറായിട്ടില്ല. എന്നാൽ ദൃശ്യം പരിശോധിച്ച് തുടർ നടപടികളെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെയാണ് സംഭവം നടന്നത്. സ്വകാര്യ ബസിൽ വച്ച് പതിനഞ്ച് വയസിന് താഴേയുള്ള പെൺകുട്ടിയോട് കണ്ടക്ടർ മോശമായി പെരുമാറുകയായിരുന്നു. ഇത് പലതവണ ആവർത്തിച്ചപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന സഹയാത്രിക ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ശേഷം വിദേശത്തുള്ള അവരുടെ ഭർത്താവിന് ദൃശ്യങ്ങൾ അയച്ചുകൊടുത്തു.
തുടർന്ന് ഭർത്താവ് അവിടെ നിന്ന് പൊലീസിന്റെ സൈബർ സെല്ലിലേക്ക് ദൃശ്യങ്ങൾ കൈമാറുകയുമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
Discussion about this post