തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നവർക്കായി പൊലീസ് നടത്തിയ തിരച്ചിലിൽ ഡി വൈ എഫ് ഐ നേതാവും കൂട്ടാളികളും പിടിയിലായി. കണ്ണൂർ തലശ്ശേരി മേക്കുന്നിൽ മത്തി പറമ്പിലെ ഡിവൈഎഫ്ഐ നേതാവ് ആലോളതിൽ ജിഷ്ണു, തൈപറമ്പിൽ ലിജിൻ, കുണ്ടൻ ചാലിൽ രമിത്ത് എന്നിവരെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ചൊക്ലി പോലീസ് പിടികൂടിയിരിക്കുന്നത്.
രഹസ്യ വിവരത്തെ തുടർന്ന് ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിലാണ് മൂന്ന് പേരും പിടിയിലായത്.റെയ്ഡിൽ വീഡിയോ സൂക്ഷിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി ഉപയോഗിച്ച മൊബൈൽ ഫോണുകൾ ഇവരുടെ പക്കൽ നിന്നും പൊലീസ് പിടികൂടി. സംസ്ഥാന വ്യാപകമായി കുട്ടികളുടെ നഗ്നതാ വീഡിയോ പ്രചരിപ്പിക്കുന്നവരെ പിടികൂടാൻ സൈബർ സെല്ലിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.
കൊല്ലം പാരിപ്പള്ളിയിൽ ശനിയാഴ്ച പഞ്ചായത്ത് ജനപ്രതിനിധിയുടെ വീട്ടിൽ സൈബർസെൽ പരിശോധനയ്ക്കെത്തി. കരുനാഗപ്പള്ളി ആദിനാട്, മരുതൂർകുങ്ങര തെക്ക് എന്നിവിടങ്ങളിലെ 2 വീടുകളിലും പൊലീസ് പരിശോധന നടത്തി. മരുതൂർകുളങ്ങര തെക്കു ഭാഗത്ത് 16 വയസ്സുകാരൻ ഉപയോഗിക്കുന്ന ഫോൺ പൊലീസ് പിടിച്ചെടുത്തു കേസ് റജിസ്റ്റർ ചെയ്തു. ഫോൺ തിരുവനന്തപുരത്ത് സൈബർ സെല്ലിന്റെ ഹൈടെക് വിഭാഗത്തിലേക്ക് അയച്ചു പരിശോധന നടത്തും.
വ്യാജരേഖകൾ ഉപയോഗിച്ചു മൊബൈൽ ഫോൺ സിം കാർഡുകൾ വ്യാപകമായി സംഘടിപ്പിക്കുന്നതായ വിവരത്തെതുടർന്നു സിം കാർഡ് വിൽപന കേന്ദ്രങ്ങളിലും റെയ്ഡ് ആരംഭിച്ചു. വ്യക്തിഗത വിവരങ്ങൾ വ്യാജമായി നൽകിയും വ്യാജ തിരിച്ചറിയൽ കാർഡുകൾ, ഫോട്ടോയുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പ് എന്നിവ ഉപയോഗിച്ചു മതിയായ അനുമതിപത്രമില്ലാതെ സിംകാർഡുകൾ വിതരണം ചെയ്യുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
അശ്ലീല വെബ്സൈറ്റുകൾ തുടർച്ചയായി കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നവർ നിലവിൽ പൊലീസിന്റെ നിരീക്ഷണത്തിലാണ്. കൂടുതൽ പേർ വൈകാതെ കുടുങ്ങുമെന്നാണ് സൂചന.
Discussion about this post