അയോധ്യ കേസിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ വാദം കേൾക്കൽ ഇന്ന് അവസാനിക്കും. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം വാദം കേട്ട രണ്ടാമത്തെ കേസാണ് അയോധ്യ കേസ്. നവംബർ 17 ന് മുൻപ് അയോധ്യ കേസ് ഹർജികളിൽ ഭരണഘടനാ ബഞ്ച് വിധി പറയും.
അയോധ്യയിലെ തർക്ക ഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹർജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേൾക്കുന്നത്. ഇന്നത്തോടെ വാദം കേൾക്കൽ 40-ാമത്തെ ദിവസമാകും. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇതിന് മുമ്പ് ഏറ്റവും അധികം ദിവസം വാദം നടന്നത് കേശവാനന്ദ ഭാരതി കേസിലാണ്. 1972-73 വര്ഷങ്ങളിലായി 68 ദിവസം വാദം കേട്ടിരുന്നു.
അയോധ്യ തന്നെയാണ് രാമന്റെ ജന്മഭൂമിയെന്നും തർക്കഭൂമിയിൽ രാമക്ഷേത്രം ഉണ്ടായിരുന്നതിന് ചരിത്രപരമായ തെളിവുകൾ ഉണ്ടെന്നുമാണ് ഹിന്ദുസംഘടനകൾ വാദിക്കുന്നത്. 1989 വരെ ഹിന്ദു സംഘടനകൾ രാമജന്മഭൂമി എന്ന അവകാശവാദം ഉയർത്തിയിട്ടില്ലെന്ന് സുന്നി വഖഫ് ബോർഡ് മറുവാദവും ഉയർത്തുന്നു. ചരിത്ര വസ്തുതകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളും വഖഫ് ബോർഡ് കോടതിക്ക് മുമ്പാകെ വച്ചിട്ടുണ്ട്.
തർക്കം മധ്യസ്ഥ ശ്രമങ്ങളിലൂടെ പരിഹരിക്കാൻ റിട്ടയേർഡ് ജസ്റ്റിസ് ഖലീഫുള്ള അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. ഈ മധ്യസ്ഥ സമിതി പരാജയപ്പെട്ടതോടെയാണ് കേസിൽ അന്തിമവാദം കേൾക്കാൻ ഭരണഘടനാ ബഞ്ച് തീരുമാനിച്ചത്.
ഇന്ന് കേസ് വിധി പറയാൻ മാറ്റിവെക്കും. നവംബർ 17-നാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്നത്. അതിന് മുമ്പുള്ള അവസാന പ്രവർത്തിദിനമായ നവംബർ 15നാകും കേസിലെ വിധി പ്രസ്താവം എന്നാണ് സൂചന. ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുമ്പ് വിധി പറഞ്ഞില്ലെങ്കിൽ വീണ്ടും, കേസ് ഒരിക്കൽക്കൂടി പുതിയ ബഞ്ചിന് വിട്ട് പുതുതായി വാദം കേൾക്കേണ്ടി വരും. അതായത്, ഈ പ്രക്രിയ മുഴുവൻ ആവർത്തിക്കേണ്ടി വരും.
ആയിരക്കണക്കിന് രേഖകൾ ഉള്ള കേസിൽ വിധിയെഴുത്ത് ഏറ്റവും ശ്രമകരമായ ദൗത്യമായിരിക്കുമെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷൺ, എസ് എ നസീർ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങൾ.
Discussion about this post