ചന്ദ്രയാൻ –2 ന്റെ ഭാഗമായ വിക്രം ലാൻഡറിനെ വൈകാതെ കണ്ടെത്തുമെന്ന് നാസ ഗവേഷകർ. നാസയുടെ ലൂണാർ റീകണൈസൻസ് ഓർബിറ്റർ (എൽആർഒ) വിക്രം ലാൻഡർ ലാൻഡ് ചെയ്തുവെന്ന് കരുതുന്ന പ്രദേശത്തെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. മികച്ച ലൈറ്റിങ്ങുള്ള സമയത്താണ് പുതിയ ചിത്രങ്ങൾ എടുത്തിട്ടുള്ളതെന്നും ലാൻഡർ കണ്ടെത്താൻ വിദഗ്ധർ തിരച്ചിൽ നടത്തുകയാണെന്നും എൽആർഒ പ്രോജക്ട് സയന്റിസ്റ്റ് നോവ പെട്രോ പറഞ്ഞു.
തിങ്കളാഴ്ച എൽആർഒ ഇതുവഴി പോകുമ്പോൾ ലൈറ്റിങ് കൂടുതൽ അനുകൂലമായിരുന്നു ( ഇപ്പോൾ ഈ പ്രദേശത്ത് നിഴൽ കുറവാണ്) എന്നും പെട്രോ പറഞ്ഞു.തിങ്കളാഴ്ച എൽആർഒ വീണ്ടും വിക്രമിന്റെ ലാൻഡിങ് പ്രദേശത്തിനു മുകളിലൂടെ പറന്നു ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. ക്യാമറ ടീം ചിത്രങ്ങൾ വിലയിരുത്തുന്നുണ്ടെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ വിക്രം ലാൻഡറെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും നോവ പറഞ്ഞു.
‘ഞങ്ങൾ ശ്രദ്ധാപൂർവ്വം തിരച്ചിൽ നടത്തും, കഴിയുന്നത്ര പരിശോധിക്കും, വിക്രം മൂൺ ലാൻഡറിന് എന്ത് സംഭവിച്ചുവെന്ന് ഞങ്ങൾ ഉടൻ കണ്ടെത്തുമെന്നും വാഷിങ്ടണിനടുത്തുള്ള മേരിലാൻഡിലെ ഗോഡ്ഡാർഡ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പെട്രോ പറഞ്ഞു.
Discussion about this post