നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് ഹരിയാനയില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നടത്താനിരുന്ന റാലി റദ്ദാക്കി. പകരം രാഹുല്‍ ഗാന്ധിയാകും റാലിയില്‍ പങ്കെടുക്കുക. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുത്ത ശേഷമുളള സോണിയയയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്.
ഒഴിച്ച് കൂടാനാവാത്ത കാരണത്താലാണ് സോണിയ പങ്കെടുക്കാത്തതെന്ന് ഹരിയാന കോണ്‍ഗ്രസ് ട്വീറ്റിലൂടെയാണ് അറിയിച്ചത്. എന്നാല്‍ പിന്നീട് ട്വീറ്റ് പിന്‍വലിച്ചു. ‘ഹരിയാനയിലെ മഹേന്ദ്രഗഢില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന റാലിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. ഒഴിച്ച് കൂടാനാവാത്ത ചില കാരണങ്ങളാല്‍ സോണിയ ഗാന്ധിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല’- ഇതായിരുന്നു ട്വീറ്റിലെ ഉളളടക്കം.
അതേസമയം, ഏകദേശം 6 മാസത്തിലേറെയായി സോണിയ പൊതുപരിപാടികളില്‍നിന്നും മാറി നില്‍ക്കുകയാണ്.കഴിഞ്ഞ ജൂണ്‍ 12ന് റായ്ബറേലിയിലാണ് സോണിയ അവസാനമായി പൊതു വേദിയിലെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയവരോട് നന്ദി പറയാനായിരുന്നു അത്. കഴിഞ്ഞ നവംബറില്‍നടന്ന തെലങ്കാന തെരഞ്ഞെടുപ്പായിരുന്നു സോണിയ പങ്കെടുത്ത അവസാന നിയമസഭാ പ്രചരണം.
മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍നിന്നും സോണിയാ ഗാന്ധി വിട്ടുനിന്നിരുന്നു.ഒക്ടബോര്‍ 21നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ്. ഇതേ തിയതിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലെ പ്രചാരണത്തിനും ഇതുവരെ സോണിയ ഗാന്ധി പങ്കെടുത്തിട്ടില്ല.
Discussion about this post