തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയത് സർക്കാർ പരിശോധിക്കും. യു.എ.പി.എ ചുമത്തിയതിന്റെ പേരിൽ സിപിഐയും സിപിഎമ്മിലെ തന്നെ എം എ ബേബി അടക്കമുള്ള നേതാക്കളും പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തിൽ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ നീക്കമെന്നാണ് സൂചന.
അതേസമയം മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ അലൻ ഷുഹൈബിനെയും താഹ ഫൈസലിനെയും കോടതി പതിനഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നും ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ തങ്ങള്‍ക്കെതിരെ പൊലീസ് കള്ളക്കേസെടുത്തിരിക്കുകയാണെന്ന് കോടതിയില്‍ വച്ച് യുവാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
അതേസമയം പ്രതികൾക്കെതിരെ യു എ പി എ ചുമത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും മാവോയിസ്റ്റുകളുമായി ഇവർക്കുള്ള ബന്ധത്തിന്റെ വിശദാംശങ്ങൾ അറിയുവാൻ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും ഉത്തരമേഖല ഐ ജി അശോക് യാദവ് അറിയിച്ചിരുന്നു.
Discussion about this post