തിരുവനന്തപുരം: സംസ്ഥാനത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ മറവില്‍ വനംവകുപ്പ് ഓഫീസുകള്‍ ആക്രമിച്ച കേസുകള്‍ പിന്‍വലിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ നീക്കം ചില ക്രൈസ്തവപുരോഹിതന്മാരെ രക്ഷിക്കാനാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. കേസില്‍ യഥാര്‍ഥ പ്രതികളല്ല പിടിയാലായതെന്നും പ്രതികളായവര്‍ക്ക് കേസുമായി ബന്ധമില്ലെന്നും ചുണ്ടിക്കാട്ടിയാണ് ആഭ്യന്തരവകുപ്പ് കേസ് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയോര കര്‍ഷകരെ കുടിയിറക്കാനാണെന്ന് പ്രചരിപ്പിച്ച് താമരശ്ശേരിയിലും കൊട്ടിയൂരിലും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ക്രൈസ്തവസഭകളും അതിലെ പുരോഹിതന്മാരുമാണെന്ന് മുരളീധരന് ആരോപിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ച് സാമുദായിക താത്പര്യം മുന്‍നിര്‍ത്തി ചില സമുദായപുരോഹിതന്മാരെ രക്ഷിക്കാനുള്ള നഗ്നമായ ശ്രമമാണ് ആഭ്യന്തരമന്ത്രി നടത്തുന്നതെന്നും വി.മുരളീധരന് കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിന്റെ സാമുദായിക പ്രീണനത്തിനെതിരെ ബി.ജെ.പി. ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post