വയനാട് : വനത്തിനുള്ളിൽ കെണി വെച്ച് പുള്ളിമാനിനെ വേട്ടയാടിയ സംഭവത്തിൽ വാച്ചർ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വനംവകുപ്പിലെ വാച്ചർ അപ്പപ്പാറ ശ്രീമംഗലം ചന്ദ്രൻ, പയ്യമ്പള്ളി കളപ്പുരയ്ക്കൽ തോമസ്, കളപ്പുരയ്ക്കൽ കുര്യൻ, പയ്യമ്പള്ളി മൊടോമറ്റത്തിൽ തങ്കച്ചൻ, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തോല്പെട്ടി വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈൽഡ് വാർഡൻ കെ.പി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
ഇവരെ കുറിച്ച് വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബേബിയുടെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിൽ അമ്പതു കിലോ തൂക്കം വരുന്ന മാനിറച്ചിയും മാനിനെ കശാപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തിയത്.
തോല്പെട്ടി വന്യജീവി സങ്കേതത്തിന്റെ അതിർത്തിയായ കുറുക്കൻമൂലയ്ക്ക് സമീപമാണ് സംഘം കെണിവെച്ചിരുന്നത്. വനത്തിൽ നിന്നും വെള്ളം കുടിയ്ക്കാൻ വേണ്ടി മാനുകൾ ആ വഴി വരുന്നുണ്ടെന്ന് മനസിലാക്കിയാണ് കെണിയൊരുക്കിത്. കെണി ഒരുക്കിയത് ചന്ദ്രൻ ആയിരുന്നു എന്നാണ് പ്രതികൾ നൽകിയ മൊഴി. താത്കാലിക ജീവനക്കാരനായ ചന്ദ്രനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതായി അസിസ്റ്റന്റ് വൈൽഡ് വാർഡൻ കെ.പി. സുനിൽ കുമാർ അറിയിച്ചു. നാൽവർ സംഘത്തെ കസ്റ്റഡിയിൽ എടുത്ത് തോല്പെട്ടി അസിസ്റ്റന്റ് വൈൽഡ്‌ലൈഫ് വാർഡനു കൈമാറി.
Discussion about this post