കൈനോട്ടക്കാരി സമ്മാനമായി നൽകിയ ചോക്ലേറ്റ് കഴിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. ബ്രസീലിലെ മാസെയോ നഗരത്തിലാണ് സംഭവം. 27 കാരിയായ ഫെർണാണ്ട വാലോസ് പിന്റോയാണ് മരിച്ചത്.
ഈ കഴിഞ്ഞ ഓഗസ്റ്റ് 3 ന് മാസെയോ നഗരത്തിലൂടെ സുഹൃത്തിനൊപ്പം നടക്കുകയായിരുന്നു യുവതി. ഈ സമയം കൈ നോക്കി ഭാവി പ്രവചിക്കാമെന്ന് പറഞ്ഞ് ഒരു സ്ത്രീ ഫെർണാണ്ടയുടെ സമീപമെത്തി. വൃദ്ധയായതിനാൽ യുവതി സ്ത്രീ പറഞ്ഞത് അനുസരിച്ചു.കൈ നോക്കിയ സ്ത്രീ ഫെർണാണ്ടയ്ക്ക് അല്പായുസാണെന്ന് പ്രവചിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കുമെന്നാണ് യുവതിയോട് സ്ത്രീ പറഞ്ഞത്. തുടർന്ന് വൃദ്ധ ചോക്ലേറ്റ് സമ്മാനിച്ചു.
വീട്ടിലെത്തിയപ്പോൾ ഫെർണാണ്ട ഈ ചോക്ലേറ്റ് പൊതി അഴിച്ച് കഴിച്ചു. വൈകാതെ യുവതിയ്ക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. യുവതി ഛർദ്ദിക്കുകയും തലകറങ്ങി വീഴുകയും ചെയ്തു. ചികിത്സയിലിരിക്കെ യുവതി മരിക്കുകയായിരുന്നു. അൾസറിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നതിനാൽ അതാകാം മരണകാരണമെന്ന് ആദ്യം സംശയിച്ചെങ്കിലും അപരിചിതയിൽ നിന്ന് ചോക്ലേറ്റ് വാങ്ങി കഴിച്ചതെന്ന് സുഹൃത്തും ബന്ധുവുമായ ക്രിസ്റ്റീന വെളിപ്പെടുത്തി. ഇതോടെ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തി. നിലവിൽ കൈനോട്ടക്കാരിക്കായി അന്വേഷണം നടത്തുകയാണ് പോലീസ്.
Discussion about this post