തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പിൽ അഭിഭാഷകനായ റയിസ് അറസ്റ്റിൽ. ആയുഷ് മിഷന്റെ പേരിൽ വ്യാജ ഇമെയിൽ ഉണ്ടാക്കിയതിൽ റയിസിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിയമന തട്ടിപ്പിൽ പ്രതികളായ അഖിൽ സജീവന്റെയും ലെനിന്റേയും അടുത്ത സുഹൃത്താണ് റയിസ്. ഹരിദാസന്റെ മരുമകൾക്ക് ആയുഷ് മിഷനിലേക്ക് ലഭിച്ച അപ്പോയ്ന്റ്മെന്റ് ഓർഡർ വ്യാജ ഇമെയിൽ വഴിയാണ് വന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഗുഢാലോചനകളിലും ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ റയിസിനേയും ബാസിതിനെയും ഒരുമിച്ചാണ് ചോദ്യം ചെയ്തത്. പരാതിക്കാരനായ ഹരിദാസന്റെ അടുത്ത സുഹൃത്തും മുന്‍ എഐഎസ്എഫ് മലപ്പുറം ജില്ലാ നേതാവുമാണ് കെ.പി.ബാസിത്. ചോദ്യം ചെയ്യലിനായി ബാസിത് വീണ്ടും ഹാജരാകേണ്ടി വരും. ഹരിദാസിനോട് ബന്ധപ്പെടാൻ പോലീസ് നിർദേശിച്ചെങ്കിലും ഹാജരായില്ല. ഇയാൾ ഒളിവിൽ പോയതായാണ് പോലീസ് സംശയിക്കുന്നത്. കേസിൽ പ്രതികളായ അഖിൽ സജീവും ലെനിൻ രാജുവും ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
Discussion about this post