കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബും താഹ ഫൈസലും വലിയ സംഘത്തിന്റെ ഭാഗമാണെന്ന് പൊലീസ്. നഗരം കേന്ദ്രീകരിച്ച് ആശയപ്രചാരണവും വിവരശേഖരണവുമായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
മറ്റ് കമ്മ്യൂണിസ്റ്റ് ഭീകരന്മാരുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്നും, അലനും താഹയും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലായിരുന്നെന്നും പൊലീസ് പറയുന്നു. രക്ഷപ്പെട്ടയാൾ കോഴിക്കോട് സ്വദേശിയാണെന്നും സംഘത്തിൽ കൂടുതൽപ്പേരുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇവർക്കെതിരെ യു.എ.പി.എ നിലനിൽക്കുമോയെന്നു തെളിവുകൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വാർത്താക്കുറിപ്പിൽ അറിയിച്ചു. പരിശോധന ചുമതല ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷെയ്ഖ് ധർവേഷ് സാഹിബിനാണെന്നും ഡി.ജി.പി വ്യക്തമാക്കി.
അതേസമയം ഈ കേസിൽ യു.എ.പി.എ ചുമത്തിയതിനെ വിമർശിച്ച് ഇടത് നേതാക്കളും ലെഫ്റ്റ് ലിബറലുകളും ശക്തമായി രംഗത്തുണ്ട്. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം വിമർശനങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. യു.എ.പി.എയോട് യോജിപ്പില്ലെന്നും ചുമത്തിയാലുടൻ അത് നിലവിൽ വരില്ലെന്നും വിഷയം സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മാവോയിസ്റ്റ്കളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന വാദപ്രതിവാദങ്ങളിൽ ശക്തമായ നിലപാട് വ്യക്തമാക്കി ബിജെപിയും രംഗത്തെത്തി. യു.എ.പി.എ ചുമത്തിയതിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ ആക്രമിക്കുന്ന പിണറായി വിജയന് ഇപ്പോൾ സ്വന്തം പാർട്ടിക്ക് മുൻപിൽ പോലും ഉത്തരം മുട്ടിയിരിക്കുകയാരിക്കുകയാണെന്നും യു.എ.പി.എ നിയമത്തെ കരിനിയമമെന്ന് പരിഹസിക്കുന്ന ജനാധിപത്യ വിരുദ്ധരാണോ കേരളം ഭരിക്കുന്നതെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരാഞ്ഞു. രാജ്യത്തിന്റെ താത്പര്യത്തിനെതിരെ പ്രവർത്തിക്കുന്നവർ കമ്മ്യൂണിസ്റ്റ് പാർട്ടിയിലാണ് ഉള്ളതെന്നാണ് കോഴിക്കോട്ടെ അറസ്റ്റുകൾ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, മാവോയിസ്റ്റുകൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്നത് സ്വന്തം പാർട്ടിക്കാർ തന്നെയാണെന്ന് വേട്ടയ്ക്കിറങ്ങിയ മുഖ്യമന്ത്രി മനസിലാക്കണമെന്നും വി.മുരളീധരൻ പരിഹസിച്ചു.
മാവോവാദികളെ അനുകൂലിച്ചുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വരുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശും വ്യക്തമാക്കി. മാവോവാദികൾക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്നതും അവരുടെ മനുഷ്യാവകാശത്തിന് വേണ്ടി വാദിക്കുന്നതും മാവോവാദത്തെ മഹത്വവത്കരിക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നതും മാവോവാദം പോലെ തന്നെ രാജ്യദ്രോഹപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ സർക്കാർ ധവളപത്രമിറക്കേണ്ടതുണ്ടെന്നും രമേശ് പറഞ്ഞു. കോഴിക്കോട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തുകൊണ്ട് യു.എ.പി.എ ചുമത്തിയത് ശരിയായ നടപടി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മാവോവാദികളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ വീര്യത്തെ കെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് മാവോവാദികളെ പിന്തുണയ്ക്കുന്നവർ നടത്തുന്നതെന്നും എം.ടി രമേശ് പറയുന്നു. ഇന്ന് മാവോവാദികളെ അനുകൂലിക്കുന്നവർ ബി.ജെ.പിയെ എതിർത്തുപോന്നിരുന്നവരാണെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.
മാവോവാദികൾ ഏത് ഭീകരരെക്കാൾ അപകടകാരികളാണെന്നും അവർ ഐസിസിനെയും അൽ ഖ്വയിദയെയും പോലെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണി ഉയർത്തുന്നവരാണെന്നും എം.ടി രമേശ് പറഞ്ഞു. മാവോയിസ്റ്റ് പ്രവർത്തനങ്ങൾ കേരളത്തിൽ സജീവമാണെന്നാണ് കുറച്ചു നാളായി പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നതെന്നും എം.ടി രമേശ് പറഞ്ഞു.
അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിന്റെ ഭാഗമായാണോ അല്ലയോ എന്ന് പറയേണ്ടത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണെന്നും രമേശ് പറയുന്നു. കോഴിക്കോട് പൊലീസിന്റെ പിടിയിലായ വിദ്യാർത്ഥികളുടെ കൈയിൽ നിന്നും മാവോവാദത്തെ അനുകൂലിക്കുന്ന രേഖകൾ കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെന്നും അത് ശരിയാണെങ്കിൽ അവർക്കെതിരെ യു.എ.പി.എ ചുമത്തിയത് ശരിയായ നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിലുള്ള മുഖ്യമന്ത്രിയുടെ പൊതു നിലപാടിനെ തള്ളിപ്പറയുന്ന മന്ത്രിമാരുള്ള മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ എന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ ഒത്തുകളി നടത്തുകയാണെന്നും എം.ടി രമേശ് ആരോപിച്ചു. മാവോവാദികൾക്കെതിരെ കേസ് ചുമത്തിയത് വലിയ കുറ്റമായിപ്പോയി എന്ന തരത്തിൽ മുഖ്യമന്ത്രിയും സി.പി.എമ്മും നിലപാട് സ്വീകരിക്കുന്നത് കള്ളി വെളിച്ചത്തായത് കൊണ്ടാണെന്നും അത് കേരള പൊലീസിന്റെ മനോവീര്യത്തെ തകർക്കുകയാണെന്നും എം.ടി രമേശ് പറഞ്ഞു. പുൽപ്പള്ളിയിലും ആറളം ഫാമിലും മാവോയിസ്റ്റുകളുടെ ശക്തമായ സാന്നിദ്ധ്യം ഉണ്ടെന്ന് കേന്ദ്ര സർക്കാർ റിപ്പോർട്ട് നൽകിയിട്ടുള്ളതാണെന്നും എം.ടി രമേശ് പറഞ്ഞു.
Discussion about this post