പാക്കിസ്ഥാന്റെ നുഴഞ്ഞു കയറ്റവും, കശ്മീരിനെ ചൊല്ലിയുളള സംഘർഷവും വർധിച്ചു വരുന്ന സാഹചര്യത്തിൽ അതിർത്തി സുരക്ഷ സേനയുടെ അധിക ബറ്റാലിയനുകളെ അന്താരാഷ്ട്ര അതിർത്തിയിൽ വിന്യസിക്കാൻ മോദി സർക്കാർ തീരുമാനിച്ചു. ജമ്മു കശ്മീർ മുതൽ ഗുജറാത്ത് വരെ നീളുന്ന അന്താരാഷ്ട്ര അതിർത്തിയിൽ പതിനായിരത്തോളം ബിഎസ്ഫ് ജവാന്മാരെ വിന്യസിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.
10 അധിക ബറ്റാലിയനുകൾ നിലയുറപ്പിക്കും, സുരക്ഷ കാരണങ്ങളാൽ വിന്യസിക്കുന്നത് എന്ന് മുതലാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരതയ്ക്കെതിരെ മോദി സർക്കാരിന്റെ ശക്തമായ നയം അതി വേഗത്തിലുളള നടപടിയിലേക്ക് മാറിയിരിക്കുകയാണ്. ഓഗസ്റ്റ് അഞ്ചിന് അനുച്ഛേദം 370 റദ്ദാക്കിയത് മുതൽ അതിർത്തിക്കപ്പുറത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പാക്കിസ്ഥാൻ തീവ്ര ശ്രമത്തിലാണ്.
പാക്കിസ്ഥാൻ ആസ്ഥാനമായുളള തീവ്രവാദ സംഘടനകൾ ഇന്ത്യയിൽ ആക്രമണം നടത്താൻ അതിർത്തി കടന്ന് ആളുകളെ അയക്കാനുളള ശ്രമങ്ങൾ നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019 ൽ പാക്കിസ്ഥാൻ സൈന്യം 2050 വെടിനിർത്തൽ നിയമലംഘനം നടത്തിയതായി വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഇതിലൂടെ 21 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി. 2003 ലെ വെടിനിർത്തൽ ധാരണ പാലിക്കണമെന്നും അന്താരാഷ്ട്ര അതിർത്തിയിൽ സമാധാനം നിലനിർത്തണമെന്നും പാക്കിസ്ഥാനോട് പല തവണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. ഇനിയും ഇന്ത്യയെ പ്രകോപിപ്പിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ തന്നെയാണ് കൂടുതൽ സേനയെ വിന്യസിക്കുന്നത്.
Discussion about this post