യൂണിവേഴ്സിറ്റി കോളേജിലെ കത്തികുത്ത് കേസ് പ്രതിയായ നസീം ജാമ്യത്തിലിറങ്ങിയപ്പോളിട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതികരിച്ച മുന്‍ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിക്കും സുഹൃത്തിനും മര്‍ദനം. 2015-2018 വര്‍ഷം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിച്ച തമലം സ്വദേശി അനൂപ് , ആര്യങ്കോട് സ്വദേശി ശ്യാം എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. സംസ്‌കൃത കോളേജിലെ പാര്‍ട്ടിക്കാരുടെ നേതൃത്വത്തില്‍ നടത്തിയ മര്‍ദനത്തില്‍ കത്തിക്കുത്ത് കേസില്‍ ഉള്‍പ്പെട്ട ആളുകളും പങ്കാളികളായതായി പോലീസ് പറഞ്ഞു.
പഠനം പൂര്‍ത്തിയാക്കിയ ഇരുവരും ടിസി വാങ്ങാനായി ഇന്നലെ കോളജില്‍ എത്തിയിരുന്നു. ഇതറിഞ്ഞ് സംസ്‌കൃത കോളേജിലെ സംഘമെത്തി ഇരുവരെയും ഇവിടെയുള്ള ഇടി കേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം ചെയ്തു
നസീമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വന്ന കമന്റുകള്‍ക്ക് ലൈക്ക് ചെയ്തതും നെഗറ്റീവ് കമന്റ് ഇട്ടതും ചോദ്യം ചെയ്തതിന് പിന്നാലെ മര്‍ദനം തുടങ്ങി. പോസ്റ്റിനെതിരെ പ്രതികരിച്ച ശ്യാമിനായിരുന്നു കൂടുതല്‍ മര്‍ദനം. സംഘം ചേര്‍ന്നു മര്‍ദിച്ച് അവശരാക്കിയ ഇരുവരെയും വീണ്ടും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെട്ടാല്‍ ഇതാകും അനുഭവമെന്ന മട്ടില്‍ മുന്നറിയിപ്പു നല്‍കി വിട്ടയച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്നാലെ അനൂപ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
മര്‍ദനമേറ്റു ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ അനൂപ് പാര്‍ട്ടിക്കാരുടെ ഭീഷണിയില്‍ കേസ് വേണ്ടെന്നു വച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ പരാതിയില്ലെന്നു അറിയിച്ചതിനാല്‍ മൊഴി രേഖപ്പെടുത്താതെ പോലീസ് മടങ്ങി.
കോപ്പി അടിച്ചെങ്കിൽ അത് തന്റെ കഴിവാണെന്ന് പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം ഫേസ്ബുക്കില്‍ കുറിച്ചത്. കേസിൽ ജാമ്യം കിട്ടിയി നസീം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ‘തോൽക്കാൻ മനസ്സില്ലെന്ന് ഞാൻ മനസ്സിൽ തീരുമാനിച്ച നിമിഷമായിരുന്നു, ഞാൻ ആദ്യമായി വിജയിച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് കഴിഞ്ഞ ദിവസം നസീം ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളും ലൈക്കുകളും ലഭിച്ചിരുന്നു.
Discussion about this post