പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി നീരവ് മോദിയുടെ ജാമ്യാപേക്ഷ അഞ്ചാംതവണയും തള്ളി. കടുത്ത വിഷാദ രോഗവും ഉത്കണ്ഠയും അനുഭവിക്കുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും നീരവ് മോദി ആവശ്യപ്പെട്ടെങ്കിലും വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി നിരസിച്ചു.
ഇന്ത്യയിലേക്കു നാടുകടത്താൻ ഉത്തരവിട്ടാൽ ആത്മഹത്യ ചെയ്യുമെന്നും കോടതി മുറിയിൽ നീരവ് ഭീഷണി മുഴക്കി. തൊടുന്യായങ്ങൾ നിരത്തി ശിക്ഷയിൽ നിന്ന് ആർക്കും ഒഴിവാകാൻ സാധിക്കില്ലെന്നു പറഞ്ഞ വെസ്റ്റ്മിൻസ്റ്റർ ചീഫ് മജിസ്ട്രേട്ട് എമ്മ ആർബത്‌നോട്ട് അഞ്ചാം തവണയും ജാമ്യം നിഷേധിക്കുകയായിരുന്നു.
ജാമ്യത്തുകയായി 40 ലക്ഷം പൗണ്ട് കെട്ടിവയ്ക്കാമെന്നും വീട്ടുതടങ്കലിൽ കഴിയാൻ തയാറാണെന്നും മോദിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും ജഡ്ജി നിരസിച്ചു. ജാമ്യം ലഭിച്ചാൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി നീരവ് മോദിയുടെ ജാമ്യാപേക്ഷ നേരത്തെ നാല് തവണ കോടതി നിഷേധിച്ചിരുന്നു.
ലണ്ടനിലെ നിയമം അനുസരിച്ച് നാല് തവണയും ജാമ്യം നിഷേധിച്ചാൽ പുതിയ കാരണം നിരത്തി മാത്രമേ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ, ഇത് മുൻനിർത്തി കടുത്ത വിഷാദരോഗത്തിനു അടിമയാണെന്നായിരുന്നു കോടതിയിൽ നീരവ് പറഞ്ഞത്.
Discussion about this post