യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം മണ്ഡല കാലത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ എത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘത്തെ ഇത്തവണയും ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലെ രണ്ടു പ്രമുഖ വാര്‍ത്താചാനലുകളെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച രഹസ്യാന്വേഷണ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് തമിഴ്‌നാട് ഡിജിപിക്ക് കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം മാധ്യമങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അടുത്തിടെയായി മലയാളം ചാനലുകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന ചിലര്‍ നിരന്തരം മനീതി സംഘാംഗങ്ങളെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്നതായി തെളിഞ്ഞിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കവേയാണ് ഇത്തവണയും മനീതി സംഘത്തെ ശബരിമലയില്‍ എത്തിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ രണ്ടു മാധ്യമങ്ങള്‍ ശ്രമിക്കുന്നെന്ന് വിവരം ലഭിച്ചത്. ഇക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ച് സംസ്ഥാന ഡിജിപിയെ അറിയിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരേയും നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ഇത്തവണയും മനീതി സംഘം ശബരിമലയില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും കേരള പോലീസോ മറ്റു സര്‍ക്കാര്‍ ഏജന്‍സികളോ ഇതിനോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ തവണ പോലീസ് ഇവര്‍ക്ക് സുരക്ഷ ഒരുക്കിയെങ്കിലും പമ്പയില്‍ കനത്ത വിശ്വാസപ്രതിഷേധം ഉണ്ടായതോടെ യുവതികള്‍ ഓടി രക്ഷപെടുകയായിരുന്നു.
ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി എത്തുമെന്ന് മനീതി നേതാവ് സെല്‍വി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാര്‍ത്ത ചാനലിനോടാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് ഇത്തവണ മല കയറാന്‍ പുറപ്പെടുന്നതെന്ന് മനീതി സംഘാംഗം സെല്‍വി അറിയിച്ചത്. ഇത്തവണ കേരളത്തില്‍ നിന്നുള്ള യുവതികള്‍ക്കൊപ്പം ദര്‍ശനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സുരക്ഷ ഒരുക്കുന്നതില്‍ കേരള സര്‍ക്കാരിനെ വിശ്വാസമില്ലെന്നും സെല്‍വി പറഞ്ഞു.
Discussion about this post