കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ വീണ്ടും നിലാപാട് മാറ്റി പാകിസ്ഥാന്. ഉദ്ഘാടന ദിവസം ഇന്ത്യക്കാര്‍ക്ക് ഫീസ് വേണ്ടെന്നും യാത്ര സൗജന്യമായിരിക്കുമെന്നുമുള്ള പ്രഖ്യാപനമാണ് പാകിസ്ഥാന് പിന്‍വലിച്ചത്.
ഉദ്ഘാടന ദിവസം ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് സൗജന്യമായിരിക്കുമെന്നായിരുന്നു പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് നേരത്തെ പ്രഖ്യാപിച്ചത്. തീര്‍ത്ഥാടകര്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനിതിരെ ഇന്ത്യ കടുത്ത പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ഫീസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
കര്‍ത്താര്‍പുര്‍ സന്ദര്‍ശനത്തിന് രണ്ട് ഇളവുകള്‍ പ്രഖ്യാപിക്കുന്നു എന്നായിരുന്നു അന്ന് ഇമ്രാന് അറിയിച്ചത്. സന്ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പാസ്പോര്‍ട്ട് ആവശ്യമില്ലെന്നും ഏതെങ്കിലും തിരിച്ചറിയല്‍ രേഖ മതി എന്നുമുള്ളതായിരുന്നു രണ്ടാമത്തെ ഇളവ്. എന്നാല്‍, ഈ ഇളവ് കഴിഞ്ഞ ദിവസം തന്നെ സൈന്യം റദ്ദാക്കിയിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരെ പാസ്പോര്‍ട്ട് ഇല്ലാതെ പ്രവേശിപ്പിക്കാനാകില്ലെന്ന് അറിയിച്ച പാക് സേന, സുരക്ഷാ കാരണങ്ങളാലാണ് ഈ നിലപാട് എന്നാണ് വിശദീകരിച്ചത്. വിഷയത്തില്‍ പാകിസ്ഥാന് അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതിനോട് പ്രതികരിച്ചത്.
Discussion about this post