ഡൽഹി: രാജ്യത്തിന്റെ ഭാവി രാഷ്ട്രീയ- സാമൂഹ്യ ചരിത്രത്തിൽ തന്നെ നിർണ്ണായക സ്വാധീനമാകുമെന്ന് കരുതപ്പെടുന്ന അയോദ്ധ്യ കേസിന്റെ വിധി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് പ്രഖ്യാപിക്കും. നിർമോഹി അഖാഡ, രാം ലല്ല, സുന്നി വഖഫ് ബോർഡ് തുടങ്ങി 14 പ്രമുഖ കക്ഷികളാണ് കേസിലുള്ളത്. തുടർച്ചയായ 40 ദിവസങ്ങളിൽ രാജ്യത്തെ പരമോന്നത കോടതിയെ ചലനാത്മകമാക്കിയ കേസിലെ പ്രധാന കക്ഷികളുടെ വാദമുഖങ്ങൾ ഇപ്രകാരമാണ്.
നിർമോഹി അഖാഡ
· ചരിത്രാതീതകാലംമുതലേ രാമജന്മഭൂമി തങ്ങളുടേതാണ്.
· 1934 മുതൽ 1949 വരെ ഈ പ്രദേശം അഖാഡയുടെ മാത്രം ഉടമസ്ഥതയിലായിരുന്നു.
· ബാബറി മസ്ജിദിലേക്ക് 1934 മുതൽ മുസ്‌ലിങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.
· 1934-നു ശേഷം മുസ്‌ലിങ്ങളാരും അവിടേക്ക് പ്രവേശിക്കാൻ ശ്രമിച്ചിട്ടുപോലുമില്ല.
· മറ്റുള്ളവരുടെ ഭൂമിയിൽ പള്ളി നിർമിക്കാൻ മുസ്‌ലിം നിയമങ്ങൾ അനുവദിക്കുന്നില്ല.
· മുസ്‌ലിങ്ങൾ വെള്ളിയാഴ്ചകളിൽ മാത്രമാണ് പോലീസ് സംരക്ഷണത്തോടെ നിസ്കാരം നടത്തിയിരുന്നത്.
· ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകളെല്ലാം 1982-ൽ നടന്ന കവർച്ചയിൽ നഷ്ടപ്പെട്ടു.
· രാം ലല്ലയ്ക്ക് ചുറ്റുമുള്ള സീതാ രസോയി, ചബൂത്ര, ഭണ്ഡാർഗൃഹം എന്നിവയൊന്നും ഒരു കാലത്തും തർക്കത്തിന്റെ ഭാഗമായിരുന്നില്ല. 1959 ഡിസംബർ 29-ന്റെ കോടതിയുത്തരവിൽ അതൊന്നും കണ്ടുകെട്ടിയിട്ടില്ല. 1989 വരെ പുറത്തുള്ള സ്ഥലത്തിന്റെ കാര്യത്തിൽ തർക്കം ഉണ്ടായിരുന്നില്ല.
· വിധി ഹിന്ദുക്കൾക്ക് അനുകൂലമാണെങ്കിൽ പ്രതിഷ്ഠയിൽ ആരാധന നടത്താനുള്ള അവകാശം തങ്ങൾക്ക് നൽകണം. അലഹാബാദ് ഹൈക്കോടതി ഉത്തരവ് ശരിവെക്കുകയാണെങ്കിൽ, മുസ്‌ലിംകക്ഷികൾ അവർക്ക് അനുവദിച്ചിരിക്കുന്ന സ്ഥലം ഹിന്ദു കക്ഷികൾക്ക് ദീർഘകാലത്തേക്ക് പാട്ടത്തിന് നൽകണം.
രാം ലല്ല വിരാജ്മാൻ
· രാമജന്മഭൂമി അയോധ്യയാണെന്ന് പുരാതന യാത്രാവിവരണങ്ങളും പുസ്തകങ്ങളും പറയുന്നു. 1608-നും 1611-നുമിടയിൽ ഇന്ത്യ സന്ദർശിച്ച ഇംഗ്ലീഷ് വ്യാപാരി വില്യം ഫിഞ്ചിന്റെ ‘ഏർളി ട്രാവൽസ് ടു ഇന്ത്യ’ എന്ന യാത്രാവിവരണത്തിലും. ബ്രിട്ടീഷ് സർവേയർ മോണ്ട്ഗോമെറി മാർട്ടിൻ, ജസ്യൂട്ട് സഭാ വൈദികൻ ജോസഫ് തീഫെൻതലർ തുടങ്ങിയവരുടെ യാത്രാവിവരണങ്ങളിലും ഇതുസംബന്ധിച്ച് പറയുന്നു.
· പുരാവസ്തുവകുപ്പ് കണ്ടെത്തിയ പന്ത്രണ്ടാം നൂറ്റാണ്ടിലെ കൽപ്പാളിയിൽ സംസ്കൃതത്തിലെഴുതിയ കാവ്യത്തിൽ ഗോവിന്ദ് ചന്ദ്ര എന്ന രാജാവിനെക്കുറിച്ച് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ തലസ്ഥാനമായിരുന്നു അയോധ്യയെന്നും അവിടെ വിഷ്ണു ക്ഷേത്രമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
· കെട്ടിടങ്ങളൊന്നുമില്ലാത്ത സ്ഥലത്തോ കൃഷിസ്ഥലത്തോ അല്ല ബാബറി മസ്ജിദ് നിർമിച്ചത്. ബി.സി. രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച അനേകം തൂണുകളുള്ള വലിയ മണ്ഡപം നിന്നി രുന്ന സ്ഥലത്താണ് പള്ളിയുണ്ടാക്കിയതെന്ന് പുരാവസ്തു ഗവേഷണ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ആ തൂണുകളിൽ ദൈവത്തിന്റെ രൂപങ്ങൾ കൊത്തിയിരുന്നു. മുസ്‌ലിംപള്ളിയിൽ ഇത്തരത്തിൽ ചിത്രങ്ങളുണ്ടാവില്ല. അത് ഇസ്‌ലാമിക വിശ്വാസത്തിന് എതിരാണ്.
· മുസ്‌ലിങ്ങൾ പ്രാർഥന നടത്തിയതുകൊണ്ട് അത് പള്ളിയാണെന്ന് പറയാനാവില്ല. അതുകൊണ്ട് ഉടമസ്ഥാവകാശവുമുണ്ടാവില്ല. മുസ്‌ലിങ്ങൾ റോഡിലും പ്രാർഥന നടത്താറുണ്ട്. അതുകൊണ്ട് റോഡ് അവരുടേതാകില്ല. അയോധ്യയിലെ തർക്കഭൂമിയിൽ നിർമിച്ച കെട്ടിടം പള്ളിയല്ല. അതിനെ പള്ളിയായി ഉപയോഗിച്ചിട്ടുണ്ടാകാം. ശരീഅത്ത് നിയമപ്രകാരവും അത് പള്ളിയല്ല.തർക്കസ്ഥലത്ത് ബാബറി മസ്ജിദ് പുനർനിർമിക്കാൻ അനുമതി നൽകുന്നത് നീതിക്കും ഹിന്ദു ധർമത്തിനും ഇസ്‌ലാമിക നിയമത്തിനും എതിരാണ്. രാമക്ഷേത്രം നിർമിക്കാൻ തർക്കസ്ഥലം തങ്ങൾക്ക് വിട്ടുനൽകണം. ബാബറി മസ്ജിദ് നിലവിലില്ലാത്തതിനാൽ മുസ്‌ലിം വിഭാഗത്തിലുള്ള കക്ഷികൾക്ക് തർക്കഭൂമിയിൽ ഒരു അവകാശവുമില്ല. ശ്രീരാമന്റെ ജന്മഭൂമിയായ സ്ഥലത്തിന് നിയമപരമായി വ്യക്തിത്വമുണ്ടെന്ന് കണക്കാക്കുന്നത് ചോദ്യംചെയ്ത നിർമോഹി അഖാഡയ്ക്ക് തർക്കഭൂമി നൽകരുത്.അയോധ്യ പുണ്യ സ്ഥലമാണ്, തീർഥാടന കേന്ദ്രവും. ക്ഷേത്രത്തിന്റെയോ വിഗ്രഹത്തിന്റെയോ അഭാവത്തിൽപ്പോലും അയോധ്യയ്ക്ക് ദിവ്യവും ആത്മീയവുമായ പ്രാധാന്യമുണ്ടെന്നാണ് ഹിന്ദുക്കൾ വിശ്വസിക്കുന്നത്.
· ഹിന്ദു മതത്തിൽ വിശുദ്ധമായ ആരാധനാ സ്ഥലത്തിന് പ്രതിഷ്ഠ നിർബന്ധമല്ല. ദൈവത്തിന്റെ ജൻമസ്ഥലം തന്നെ പ്രതിഷ്ഠയാണ്. അത് പങ്കുവെക്കാനാവില്ല. നദിയും സൂര്യനുമെല്ലാം ഹിന്ദുമതത്തിൽ ആരാധിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ജന്മസ്ഥലത്തെയും ‘നിയമപരമായ വ്യക്തിത്വ’മായി കണക്കാക്കാം. ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗാനദിക്ക് നിയമപരമായ വ്യക്തിത്വം നൽകിയിരുന്നു.
· പള്ളി പണിതു എന്നതുകൊണ്ട് ജന്മഭൂമിയുടെ വിശുദ്ധി ഇല്ലാതാകില്ല. പള്ളിയിലേക്ക് ആളുകളെത്തിയിരുന്നു എന്നത് സ്ഥലത്തിന്റെ അവകാശം പങ്കുവെക്കാനുള്ള കാരണമല്ല.
മഹന്ത് സുരേഷ് ദാസ്
· ശ്രീരാമന്റെ ജന്മസ്ഥലത്ത് പള്ളി നിർമിച്ചുകൊണ്ട് 433-ലേറെ വർഷം മുമ്പ് മുഗൾ ചക്രവർത്തി ബാബർ ചെയ്ത ചരിത്രപരമായ തെറ്റ് തിരുത്തണം. മുസ്‌ലിങ്ങൾക്ക് പ്രാർഥന നടത്താൻ അയോധ്യയിൽ ഒട്ടേറെ പള്ളികളുണ്ട്. എന്നാൽ, ഹിന്ദുക്കൾക്ക് രാമന്റെ ജന്മസ്ഥലം മാറ്റാനാവില്ല. ഹിന്ദുക്കൾ അതിനായി നൂറ്റാണ്ടുകളായി പോരാടുകയാണ്. മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ പള്ളിയും തുല്യമാണ്.
· വിദേശത്തു നിന്നുവന്ന ബാബർ ഇന്ത്യയിലെത്തി ഇവിടം കീഴടക്കിയാണ് 433-ലേറെ വർഷങ്ങൾക്ക് മുമ്പ് പള്ളിനിർമിച്ചത്. ബാബറിന്റെ അധിനിവേശമുറപ്പിക്കലിന്റെ ഭാഗമായിരുന്നു അത്. ഹിന്ദുക്കൾ പരിപാവനമായി കരുതിയ സ്ഥലത്താണ് പള്ളി നിർമിച്ചതെന്ന് ഫൈസാബാദ് കോടതി 1886-ൽ നിരീക്ഷിച്ചിരുന്നു.
ഹിന്ദു മഹാസഭ
· തർക്കസ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി ട്രസ്റ്റ് രൂപവത്കരിക്കണം. ട്രസ്റ്റിന്റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണം.
രാമജന്മഭൂമി പുനരുദ്ധാരണ സമിതി
· തർക്കസ്ഥലത്ത് രാമക്ഷേത്രം നിർമിക്കാൻ അനുവദിക്കണം. ക്ഷേത്രത്തിന്റെ പരിപാലനത്തിന് ട്രസ്റ്റ് രൂപവത്കരിക്കണം.
ഗോപാൽ സിംഗ് വിശാരദ്
· ക്ഷേത്രസ്ഥലത്ത് കാലങ്ങളായി ആചാരങ്ങൾ അനുഷ്ഠിച്ചിരുന്നത് തന്റെ പൂർവികരാണ്. രാമജന്മ ഭൂമിയിൽ പ്രാർഥന നടത്തുകയെന്നത് തന്റെ ഭരണഘടനാപരമായ അവകാശമാണ്. അയോധ്യയിലെ രാമക്ഷേത്രം പൊളിച്ചിട്ടാണ് അവിടെ ബാബറി മസ്ജിദ് പണിതത്. ക്ഷേത്രം പൊളിച്ചുകളഞ്ഞെങ്കിലും ഹിന്ദുക്കൾ അതിന്റെ അവകാശം ഉപേക്ഷിക്കുകയോ ആരാധന അവസാനിപ്പിക്കുകയോ ചെയ്തിരുന്നില്ല. മുസ്‌ലിങ്ങൾക്ക് അവിടെ ഒരിക്കലും അവകാശമുണ്ടായിരുന്നില്ല.
· സാമുദായിക സംഘർഷമുണ്ടായതിനെ തുടർന്ന് തർക്കഭൂമി ഏറ്റെടുക്കാൻ 1949-ൽ മജിസ്ട്രേറ്റ് മാർക്കണ്ഡേയ സിങ് നടപടിയാരംഭിച്ചിരുന്നു. ഹിന്ദു, മുസ്‌ലിം കക്ഷികളോട് സത്യവാങ്മൂലം ഫയൽ ചെയ്യാനും മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് അബ്ദുൾ ഗനി എന്നൊരാൾ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നു. രാമജന്മഭൂമിയാണിതെന്നും ഹിന്ദുക്കൾ അവിടെ ആരാധന തുടർന്നിരുന്നതായും പറയുന്നുണ്ട്. മുസ്‌ലിങ്ങൾ വെള്ളിയാഴ്ച മാത്രമാണ് അവിടെ പ്രാർഥന നടത്തിയിരുന്നതെങ്കിൽ ഹിന്ദുക്കൾ ദിവസവും ആരാധന നടത്തിയിരുന്നു. ഹിന്ദുക്കൾക്ക് തർക്കഭൂമി നൽകുന്നതിൽ വിരോധമില്ലെന്നും മുസ്‌ലിങ്ങൾ 1935-നുശേഷം അവിടെ പ്രാർഥന നടത്തിയിട്ടില്ലെന്നും മറ്റൊരു മുസ്‌ലിം കക്ഷിയായ വാലി മുഹമ്മദും സത്യവാങ്മൂലം നൽകിയിരുന്നു.
ഷിയ വഖഫ് ബോർഡ്
· തർക്കസ്ഥലത്ത് രാമക്ഷേത്രം പണിയണം. തർക്കസ്ഥലത്തിന്റെ യഥാർഥ ഉടമ ഷിയാ വഖഫ് ബോർഡാണ്, സുന്നി വഖഫ് ബോർഡല്ല. അലഹാബാദ് ഹൈക്കോടതി ഉത്തരവിൽ സുന്നി വഖഫ് ബോർഡിന് നൽകിയ ഭൂമി ഹിന്ദു കക്ഷികൾക്ക് നൽകണം. അലഹാബാദ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് തങ്ങൾ നൽകിയ അധികവാദത്തിൽ തർക്കഭൂമിയിലുള്ള അവകാശവാദം മുസ്‌ലിം കക്ഷികൾ ഉപേക്ഷിക്കണമെന്നും രാമക്ഷേത്രം പണിയാൻ ഹിന്ദു കക്ഷികൾക്ക് കൈമാറണമെന്നും പറഞ്ഞിരുന്നു.
സുന്നി വഖഫ് ബോർഡ്, മറ്റ് മുസ്ലിം കക്ഷികൾ
· കേസിൽ തീരുമാനമെടുക്കുമ്പോൾ ചരിത്രത്തെ പൂർണമായും വിശ്വസിക്കരുത്. സിവിൽ കേസിനെ സംബന്ധിച്ചിടത്തോളം ചരിത്ര വസ്തുതകൾക്ക് വലിയ സ്ഥാനമില്ല.
· മയിലിന്റെയും താമരയുടെയും ചിത്രമുണ്ടായിരുന്നു എന്നതുകൊണ്ട് അയോധ്യയിലെ തർക്കഭൂമിയിൽ ക്ഷേത്രമുണ്ടായിരുന്നു എന്ന് വിശ്വസിക്കാനാവില്ല. അവിടെയുണ്ടായിരുന്ന കെട്ടിടം എന്തായിരുന്നുവെന്ന് തീർച്ചപ്പെടുത്താനാവില്ലെന്നാണ് പുരാവസ്തു ഗവേഷക വകുപ്പിന്റെയും മറ്റു വിദഗ്ധരുടെയും അഭിപ്രായം കണക്കിലെടുത്ത് ഹൈക്കോടതി പറഞ്ഞത്.
· 1934-ൽ ബാബറി മസ്ജിദ് ആക്രമിക്കുകയും ’49-ൽ അതിക്രമിച്ചുകയറുകയും ’92-ൽ പൊളിക്കുകയും ചെയ്ത ഹിന്ദുക്കൾ ഇപ്പോൾ അയോധ്യയിലെ തർക്കഭൂമിയിൽ അവകാശമുന്നയിക്കുന്നു.
· 1949-ൽ ബാബറി മസ്ജിദിനകത്ത് വിഗ്രഹങ്ങൾ സ്ഥാപിക്കാൻ ആസൂത്രിതവും വഞ്ചനാപരവുമായ ആക്രമണങ്ങൾ നടന്നു. മസ്ജിദിനകത്തു സ്ഥാപിച്ച വിഗ്രഹങ്ങൾ എടുത്തുമാറ്റാൻ പ്രത്യേക നിർദേശമുണ്ടായിട്ടും അന്നത്തെ ഡെപ്യൂട്ടി കമ്മിഷണർ കെ.കെ. നായർ അതനുവദിച്ചില്ല. കെ.കെ. നായർ പിന്നീട് ഭാരതീയ ജനസംഘിന്റെ സ്ഥാനാർഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചു.
· അയോധ്യയിൽ വിക്രമാദിത്യൻ നിർമിച്ച വലിയ ക്ഷേത്രമാണുണ്ടായിരുന്നതെന്നും 1528-ൽ ബാബർ അത് തകർത്തുവെന്നും കാട്ടി 1949 ഡിസംബർ 16-ന് അന്നത്തെ ചീഫ് സെക്രട്ടറിക്ക് നായർ കത്തയച്ചു. വിഗ്രഹം സ്ഥാപിച്ച സംഭവത്തിനുശേഷം പ്രദേശത്ത് തത്‌സ്ഥിതി തുടരണമെന്ന ഉത്തരവ് നായർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ലംഘിച്ചു. തർക്കഭൂമി 1950 ജനുവരി അഞ്ചിന് കണ്ടുകെട്ടുന്നതിന് മുമ്പായി വിഗ്രഹങ്ങൾ അതിനകത്ത് സ്ഥാപിച്ചിരുന്നു. അതിന്റെ ചിത്രമാണ് ഹിന്ദു സംഘടനകൾ കോടതിയിൽ സമർപ്പിച്ചത്.
· ഹിന്ദുക്കൾ അനുവദിക്കാത്തതുകൊണ്ടാണ് മുസ്‌ലിങ്ങൾക്ക് 1934-ന് ശേഷം അവിടെ നിസ്കരിക്കാൻ സാധിക്കാത്തത്. തർക്കഭൂമിയുടെ പൂർണ ഉടമസ്ഥാവകാശം വഖഫ് ബോർഡിനാണ്. എന്നാൽ, ഹിന്ദുക്കൾ അവിടെ പ്രാർഥന നടത്തുന്നതിനോട് എതിർപ്പില്ല. വഖഫിന്റെ സ്വത്തായിരുന്നുകൊണ്ടുതന്നെ അവിടെ മറ്റുള്ളവർക്കും പ്രർഥന നടത്തുന്നതിൽ വിരോധമില്ല. എന്നാൽ, പള്ളിയുടെ മുഴുവൻ ഉടമസ്ഥതയും വഖഫ് ബോർഡിനു തന്നെയായിരിക്കും.
· വാല്മീകി രാമായണത്തിലോ രാമചരിതമാനസത്തിലോ രാമന്റെ ജന്മഭൂമി കൃത്യമായി എവിടെയാണെന്ന് പറയുന്നില്ല.
· മുഴുവൻ സ്ഥലത്തിനും പ്രതിഷ്ഠയുടെ സ്വഭാവമാണെന്ന ഹിന്ദുക്കളുടെ വാദം അംഗീകരിച്ചാൽ അവിടെ മറ്റാർക്കും സ്വത്തിന് അവകാശമുണ്ടാകില്ല. നദികളെയും മലകളെയുമെല്ലാം ആരാധിക്കാറുണ്ട്. സൂര്യനെ പ്രാർഥിക്കുന്നുണ്ടെന്നുകരുതി അത് അവരുടെ സ്വന്തമാകില്ല.
· ശ്രീരാമൻ ജനിച്ചത് അയോധ്യയിൽ എവിടെയോ ആണെന്നതിൽ തർക്കമുന്നയിക്കുന്നില്ല. എന്നാൽ, വ്യക്തമായി എവിടെയാണെന്ന് രേഖകളിലൊന്നും പറയുന്നില്ല. ബാബറി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്തെ തൂണുകളിൽ ദൈവങ്ങളുടെ ചിത്രമുണ്ടായിരുന്നുവെന്ന വാദം ശരിയല്ല. തൂണുകളിൽ താമരയുടെ ചിത്രമുണ്ടായിരുന്നു എന്നുമാത്രം. എവിടെ നിന്നാണ് ഈ തൂണുകൾ കൊണ്ടുവന്നതെന്ന് വ്യക്തമല്ല.
· ഒഴിഞ്ഞസ്ഥലത്താണ് പള്ളി നിർമിച്ചത്. അവിടെ ക്ഷേത്രമുണ്ടായിരുന്നെങ്കിൽത്തന്നെ വളരെക്കാലം മുമ്പ് അത് അപ്രത്യക്ഷമായിരുന്നു. തർക്കമുണ്ടായതുകൊണ്ട് മാത്രമാണ് ഈ പള്ളി പ്രശസ്തമായത്. പത്തൊൻപതാം നൂറ്റാണ്ടുവരെ മറ്റേതൊരു പള്ളി പോലെത്തന്നെയുമായിരുന്നു ബാബറി മസ്ജിദും. രാമക്ഷേത്രം ബാബർ തകർത്തതായി എവിടെയും പറയുന്നില്ല.
· അയോധ്യയിലെ രാം ചബൂത്രയാണ് രാമൻ ജനിച്ച സ്ഥലമെന്ന ഫൈസാബാദ് ജില്ലാകോടതിയുടെ 1886-ലെ നിരീക്ഷണത്തെ മുസ്‌ലിങ്ങൾ ചോദ്യംചെയ്തിട്ടില്ല. എന്നാൽ, അതിനർഥം രാം ചബൂത്രയാണ് രാമന്റെ ജന്മസ്ഥലമെന്ന വാദം ബോർഡ് അംഗീകരിച്ചു എന്നല്ല.
· അയോധ്യയിൽ രാമക്ഷേത്രമുണ്ടാക്കാൻ വിശ്വഹിന്ദു പരിഷത്ത് സ്ഥാപിച്ച രാം ജൻമഭൂമി ന്യാസ് എന്ന ട്രസ്റ്റിനെ സഹായിക്കാനാണ് പ്രതിഷ്ഠയായ രാം ലല്ലയുടെ ഹർജി.
ഇതിൽ ഏത് വാദമുഖങ്ങളാണ് സുപ്രീം കോടതി അംഗീകരിക്കുക എന്നതായിരിക്കും വിധിയുടെ മർമ്മം. വിധി എന്ത് തന്നെയായാലും അത് ചരിത്രത്തിന്റെ ഭാഗമാകുമെന്ന് വ്യക്തമാണ്.
Discussion about this post