പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് നാളെ തുടക്കം.നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 വരെ നടക്കുന്ന സമ്മേളനത്തില്‍ 27ബില്ലുകള്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് . കോര്‍പ്പറേറ്റ് നികുതി കുറച്ചത്, ഇ സിഗരറ്റ് നിരോധിച്ചത് തുടങ്ങിയ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകളുള്‍പ്പെടെയുള്ളവയാണ് ശൈത്യകാല സമ്മേളനത്തില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയിലെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നികുതി ഇളവ് നല്കുന്ന നികുതി നിയമ ഭേദഗതി ബില്‍ 2019, അയല്‍രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായെത്തി ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് പൗരത്വം നല്കാന് ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി ബില്‍, ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പേഴ്സണല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബില്‍ എന്നിവയാണ് പ്രധാനമായും സര്‍ക്കാരിന് മുന്നിലുള്ളത്.
നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം നിരവധി ബില്ലുകളാണ് പാസാക്കിയത്. മുത്വലാഖ് ബില്‍, ജമ്മു കശ്മീര്‍ പുനരേകീകരണ ബില്‍ എന്നിവയടക്കം 36 ബില്ലുകളാണ് ലോക്സഭയില്‍ പാസാക്കിയത്. 32 ബില്ലുകളാണ് രാജ്യസഭ പാസാക്കിയത്.
Discussion about this post