ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്സെ ഈ മാസം 29ന് ഇന്ത്യ സനദർശിക്കും. വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമാധാനം, സുരക്ഷ, വികസനം എന്നീ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തും. രജപക്സെയുടെ നേതൃത്വത്തിൻ കീഴിൽ ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് പുതിയ മാനം കൈവരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ജയശങ്കർ വ്യക്തമാക്കി. ഗോതബായ രജപക്സെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഞായറാഴ്ചയായിരുന്നു ശ്രീലങ്കയിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ച രജപക്സെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തിരഞ്ഞെടുപ്പ് വിജയത്തിൽ രജപക്സെയെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തന്നെ അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയായിരുന്നു. മോദിയുടെ ആശംസകൾക്കും ക്ഷണത്തിനും നന്ദി അറിയിച്ച രജപക്സെ വികസനത്തിനും പുരോഗതിയ്ക്കുമായി ഇന്ത്യയോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി.
മുൻ ശ്രീലങ്കൻ രാഷ്ട്രപതി മഹീന്ദ രജപക്സെയുടെ ഇളയ സഹോദരനാണ് ഗോതബായ രജപക്സെ. അദ്ദേഹം ശ്രീലങ്കൻ ആർമിയിൽ കേണലായിരുന്നു. എൽ ടി ടി ഇ വിരുദ്ധ പോരട്ടത്തിൽ നിർണ്ണായക പങ്കു വഹിച്ച രജപക്സെയുടെ സ്ഥാനാരോഹണം ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ സഹായകമാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കടബാദ്ധ്യതയെ തുടർന്ന് ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്തിന്റെ നിയന്ത്രണം 2017ൽ ചൈന ഏറ്റെടുത്തിരുന്നു. ശ്രീലങ്കയ്ക്ക് കഴിഞ്ഞ ജൂലൈ മാസത്തിൽ ഒരു യുദ്ധകപ്പലും ചൈന സമ്മാനമായി നൽകിയിരുന്നു.
എന്നാൽ ശ്രീലങ്ക വഴി ഇന്ത്യൻ മഹാസമുദ്ര മേഖല കൈപ്പിടിയിലൊതുക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാവുകയാണ് ഗോതബായ രജപക്സെയും നരേന്ദ്ര മോദിയും തമ്മിലുള്ള നയതന്ത്ര സൗഹൃദം.
Discussion about this post