ഡല്‍ഹി: ദേശീയപാതാ നിര്‍മ്മാണത്തിന് ഇനി ഉപയോഗിക്കുക കേരളത്തില്‍ നിന്നുള്ള കയറെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതുസംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ധനമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കയറിന് വലിയ വിപണിയുണ്ടാക്കുന്ന തീരുമാനമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
കേരളത്തില്‍ 7000 ടണ്‍ കയറാണ് നിലവില്‍ ഉത്പാദിപ്പിക്കുന്നത്. ഈ വര്‍ഷം ഉല്‍പ്പാദനം 20000 ടണ്ണിലേക്ക് എത്തും. 2020-ല്‍ 40000 ടണ്ണായി ഉയര്‍ത്തും. വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലടക്കം വലിയ കുറവ് വന്നതോടെ താളംതെറ്റിയിരിക്കുകയാണ് കയര്‍വിപണി ഇപ്പോള്‍.
ഈ സാഹചര്യത്തിലാണ് കേരളവും കേന്ദ്രവും കൈകോര്‍ക്കുന്നത്. പരമ്പരാഗത ഉല്‍പന്നങ്ങള്‍ ചെലവഴിക്കാനാകാത്ത സ്ഥിതിയാണിപ്പോള്‍. റോഡ് നിര്‍മ്മാണത്തിന് കയറുപയോഗിക്കാന്‍ തീരുമാനിക്കുന്നതോടെ കയറിന്റെ വിപണി ഒരു പ്രശ്‌നമല്ലാതായി മാറും. കേരളത്തിലെ സഹകരണ സംഘങ്ങളില്‍ നിന്ന് കയര്‍കോര്‍പ്പറേഷന്‍ കയര്‍ സംഭരിച്ച് കേന്ദ്രത്തിന് കൈമാറും. കയര്‍ വ്യവസായത്തിന്റെ നവീകരണത്തിലൂടെ കൂടുതല്‍ കയര്‍ ഉത്പാദിപ്പിച്ചാലും ഇനി വലിയ വിപണി സാധ്യതയാണെന്നും തോമസ് ഐസക് പറഞ്ഞു.
Discussion about this post