രാജ്യത്ത് ബ്ലോക്ക് ചെയ്തിരിക്കുന്ന വെബ്സൈറ്റുകളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ടെന്ന് വിവരസാങ്കേതിക മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു. മൂന്നുവർഷം മുമ്പത്തെ അപേക്ഷിച്ച് 2019 ൽ ഇന്ത്യയിൽ ബ്ലോക്ക് ചെയ്ത യുആർഎല്ലുകളുടെ എണ്ണം 442 ശതമാനം ഉയർന്നിട്ടുണ്ട്.2016 ൽ 633 യുആർഎല്ലുകൾ സർക്കാർ തടഞ്ഞപ്പോൾ, 2019 ൽ ഇത് 3,433 ആയി ഉയർന്നു (ഒക്ടോബർ 31 വരെ), 442 ശതമാനം വർധനയാണ് ഇത് കാണിക്കുന്നത്.
ഐടി ആക്ട് 2000 ലെ 69 എ വകുപ്പ് ഇന്ത്യയുടെ പരമാധികാരത്തിന്റെയും സമഗ്രതയുടെയും താൽപര്യപ്രകാരം ഉൾപ്പെടെ ചില വ്യവസ്ഥകളിൽ ഏതെങ്കിലും കംപ്യൂട്ടർ റിസോഴ്സുകളിൽ സൃഷ്ടിക്കുന്ന, കൈമാറ്റം ചെയ്യുന്ന, സ്വീകരിക്കുന്ന, സംഭരിക്കുന്ന അല്ലെങ്കിൽ ഹോസ്റ്റുചെയ്യുന്ന ഏതെങ്കിലും വിവരങ്ങൾ തടയാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നുവെന്ന് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
ആധാർ ഡേറ്റയുടെ സുരക്ഷയ്ക്കായി, യുഐഡിഐഐക്ക് രൂപകൽപന ചെയ്ത, മൾട്ടി-ലെയർ കരുത്തുറ്റ സുരക്ഷാ സംവിധാനമുണ്ട്. മാത്രമല്ല ഉയർന്ന നിലവാരത്തിലുള്ള ഡേറ്റാ സുരക്ഷയും സമഗ്രതയും നിലനിർത്തുന്നതിനായി ഇത് നിരന്തരം നവീകരിക്കുകയും ചെയ്യുന്നുവെന്നും സുരക്ഷാ ഓഡിറ്റുകൾ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Discussion about this post