ഇടനിലക്കാരുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ ബവ്റിജസ് കോര്‍പറേഷനെ വഞ്ചിച്ചെന്ന് വിജിലന്‍സ്. പതിനായിരം രൂപ വാടകയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന വില്പനകേന്ദ്രങ്ങള് ദേശീയപാതയോരത്ത് നിന്ന് മാറ്റിയപ്പോള്‍, വാടക ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വരെയായി ഉയര്‍ത്തിയെന്നാണ് കണ്ടെത്തല്‍.
ദേശീയപാതയോരത്തെ ബാറുകളും, വില്പനകേന്ദ്രങ്ങളും മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ മറവിലായിരുന്നു ഉദ്യോഗസ്ഥരുടെ കളളക്കളി.
ദേശീയപാതയോരത്തു നിന്നു കിലോമീറ്ററുകള്‍ മാറിയെങ്കിലും വാടക അഞ്ചിരട്ടിയോളം വര്‍ധിച്ചു. ഉദാഹരണത്തിനു തിരുവനന്തപുരം മംഗലപുരത്തെ വില്പനകേന്ദ്രം ദേശീയപാതയോരത്തു നിന്നും നാലു കിലോമീറ്റര്‍ അകലേക്ക് മാറിയപ്പോള്‍ വാടക ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയായി മാറി. ശരാശരി പതിനായിരം രൂപ പോലും വാടക ഇല്ലാത്ത കെട്ടിടത്തിന് ഇത്രയും രൂപ വാടക നിശ്ചയിച്ചതില്‍ വന്‍ക്രമക്കേട് നടന്നെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
ഉദ്യോഗസ്ഥരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച ഇടനിലക്കാരില്‍ പ്രാദേശിക രാഷ്ട്രീയപാര്‍ട്ടി നേതാക്കളും വിരമിച്ച ഉദ്യോഗസ്ഥരും വരെയുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post