ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടിട്ടുള്ള റേമൽ ചുഴലിക്കാറ്റ് ഞായറാഴ്ച അർദ്ധരാത്രിയോടെ തന്നെ കര തൊടും. മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ ആയിരിക്കും റേമൽ ചുഴലിക്കാറ്റ് വീശുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങൾക്ക് കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി പ്രത്യേക അവലോകനയോഗം ചേർന്നു.
ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളും സ്വീകരിക്കേണ്ട നടപടികളും രക്ഷാപ്രവർത്തനത്തിന് സാഹചര്യം ഒരുക്കുന്നതും എല്ലാം പ്രധാനമന്ത്രി അവലോകന യോഗത്തിൽ പരാമർശിച്ചു. നിലവിൽ പശ്ചിമബംഗാളിനും ബംഗ്ലാദേശിനും ഇടയിലൂടെയാണ് റേമൽ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് പശ്ചിമബംഗാളിന്റെ തീരപ്രദേശങ്ങളിലും വടക്കൻ ഒഡിഷയിലും കനത്ത മഴ ആരംഭിച്ചിട്ടുണ്ട്.
ബംഗാൾ, ഒഡീഷ, ത്രിപുര സംസ്ഥാനങ്ങൾ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് അനുസരിച്ച് ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ വരെ ഈ മേഖലകളിൽ കനത്ത മഴ ഉണ്ടാകും എന്നും മുന്നറിയിപ്പുണ്ട്. പശ്ചിമബംഗാളിലെ സൗത്ത്, നോർത്ത് 24 പർഗനാസ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും പതിനായിരത്തിലേറെ ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
റേമൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിൽ വ്യോമ, റെയിൽ ഗതാഗതങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. കൊൽക്കത്ത വിമാനത്താവളം ഞായറാഴ്ച ഉച്ച മുതൽ 21 മണിക്കൂർ നേരത്തേക്ക് അടച്ചിട്ടു. 400 ഓളം വിമാനങ്ങൾ ആണ് ഇത് മൂലം റദ്ദാക്കിയത്. കിഴക്കൻ മേഖലയിലേക്കുള്ള നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
Discussion about this post