ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളായ ഭീകരരും കുടുംബങ്ങളും കീഴടങ്ങിയ സംഭവത്തിൽ ഇന്ത്യയിൽ നിന്നുള്ള ഭീകരർ കീഴടങ്ങിയതായി വിവരമില്ലെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.അഫ്ഗാനിസ്ഥാൻ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരമൊന്നും നല്കിയിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളായ ഭീകരവാദികളും കുടുംബങ്ങളും അഫ്ഗാനിസ്ഥാനിലെ നങ്ഗർഹർ പ്രവിശ്യയിൽ അഫ്ഗാൻ സുരക്ഷാസേനയ്ക്ക് മുമ്പാകെ കീഴടങ്ങിയതായാണ് വാർത്ത പുറത്തുവന്നത്. 900 പേരടങ്ങുന്ന സംഘമാണ് രണ്ടാഴ്ച മുമ്പ് കീഴടങ്ങിയത്. സംഘത്തിൽ 10 ഇന്ത്യക്കാരുണ്ടെന്ന് ദേശീയമാധ്യമമായ ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തിരുന്നു.
നവംബർ 12-ന് ഓപ്പറേഷൻ തുടങ്ങി മണിക്കൂറുകൾക്കകം 93 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിച്ചു. ഇതിൽ 13 പാക് പൗരൻമാരുമുണ്ടായിരുന്നു. എല്ലാവരും ആയുധം വച്ച് കീഴടങ്ങി.
കീഴടങ്ങിയവരിൽ 10 ഇന്ത്യക്കാരുണ്ടെന്ന് ദേശീയമാധ്യമങ്ങൾ പറയുന്നു. ഇതിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ഇന്ത്യയിൽ നിന്ന് ഐഎസ്സിൽ ചേരാൻ പോയ മലയാളികളാണ് ഇതിൽ ഭൂരിഭാഗവും എന്നും റിപ്പോർട്ടുകളുണ്ട്. എത്ര പേരാണ് മലയാളികൾ എന്നതിനെക്കുറിച്ച് വ്യക്തമായ വിവരമില്ല. ഈ പത്ത് പേരെയും അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് മാറ്റിയതായാണ് വിവരം. അഫ്ഗാൻ ദേശീയ സുരക്ഷാ ഏജൻസിയും, ഇന്‍റലിജൻസ് ഏജൻസികളും ഇവരിൽ നിന്ന് വിവരങ്ങളെടുത്തുകൊണ്ടിരിക്കുകയാണെന്നും റിപ്പോട്ടുണ്ടായിരുന്നു.
Discussion about this post