ഡൽഹി: അയോധ്യ വിഷയത്തിൽ സുപ്രീം കോടതി വിധി മാനിക്കണമെന്ന് എസ് പി നേതാവ് അസം ഖാൻ. തർക്ക ഭൂമിയിലെ പള്ളിയിൽ 1949 മുതൽ പൂജകൾ നടന്നിരുന്നതായും അദ്ദേഹം പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തിലെ അനാവശ്യവിവാദങ്ങൾ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അസം ഖാൻ വ്യക്തമാക്കി.
അയോധ്യാ വിധിയെ ആദ്യം അംഗീകരിച്ച സുന്നി വഖഫ് ബോർഡ് പിന്നീട് വിഷയത്തിൽ പുനപരിശോധന ഹർജി നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പുനപരിശോധാന ഹർജി ആവശ്യമില്ലെന്ന നിലപാടാണ് യു പി സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സഫർ ഫറൂഖി ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്. ചർച്ചകൾക്കൊടുവിൽ അഭിപ്രായ ഭിന്നതകൾ പരിഹരിച്ചുവെന്നും പുനപരിശോധാന ഹർജി നൽകുന്നില്ലെന്നുമാണ് ബോർഡിന്റെ ഭാഗത്ത് നിന്നും അന്തിമ പ്രതികരണം വന്നിരിക്കുന്നത്.
എന്നാൽ വിധിയിൽ പുനപരിശോധാന ഹർജി നൽകാനാണ് മുസ്ലീം വ്യക്തി നിയമ ബോർഡിന്റെ തീരുമാനം. വിധിയുടെ മുപ്പതാം ദിവസത്തിനുള്ളിൽ ഹർജി നൽകുമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ് സെക്രട്ടറി സഫര്യാബ് ജിലാനി അറിയിച്ചു.
അതേസമയം ബോളിവുഡ് താരങ്ങളായ ശബാന ആസ്മി, നസറുദ്ദീൻ ഷാ തുടങ്ങി നൂറോളം മുസ്ലീം നേതാക്കൾ പുനപരിശോധന ഹർജി അനാവശ്യമാണെന്ന് പരസ്യമായി പ്രതികരിച്ചു. വിഷയത്തിൽ നീതിയുക്തമായ വിധിയാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും വിഷയം ഇനിയും തർക്കമായി നിലനിൽക്കുന്നത് രാജ്യത്തെ സാമുദായിക ഐക്യത്തിന് ഭൂഷണമല്ലെന്നും ഇവർ അഭിപ്രായപ്പെടുന്നു. രാജ്യത്തെ പ്രമുഖ മുസ്ലീം പണ്ഡിതന്മാരിൽ ഭൂരിഭാഗവും ഇതേ അഭിപ്രായക്കാരാണ്.
Discussion about this post