കാസര്‍കോട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് കൊടിയേറി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു പതാക ഉയര്‍ത്തി.
രാവിലെ ഒന്‍പതിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാന കലോത്സവത്തിന് ആതിഥേയരാവുന്നതിന്റെ ആവേശത്തിലാണ് കാഞ്ഞങ്ങാടും കാസര്‍ഗോഡ് ജില്ലയും.
കലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ണമായി. 28 വേദികളാണ് മത്സരങ്ങള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. 289 ഇനങ്ങളിലായി പതിനായിരത്തോളം കലാ പ്രതിഭകളാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. ഇത്തവണത്തെ സംസ്ഥാന കലോത്സവം ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചും ഭിന്നശേഷി സൗഹൃദപരമായുമാണ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, രണ്ടാം തവണയും സ്വര്‍ണ്ണ കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് പാലക്കാട് ജില്ല. കഴിഞ്ഞവര്‍ഷം ആലപ്പുഴയില്‍ നടന്ന കലോത്സവത്തില്‍ 930 പോയിന്റ് ഓടെയാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. 12 വര്‍ഷം തുടര്‍ച്ചയായി ജേതാക്കളായ കോഴിക്കോടിനെ 3 പോയിന്റുകള്‍ക്ക് പിന്നിലാക്കിയായിരുന്നു പാലക്കാടിന്റെ കിരീടനേട്ടം.
Discussion about this post