തെലങ്കാനയില്‍ മൃഗ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയതിന് സമാനമായി മറ്റൊരു സംഭവം. 26കാരിയായ പ്രിയങ്കയുടെ മൃതദേഹം കണ്ടെത്തിയ ഷംഷദാബാദില്‍ നിന്ന് തന്നെയാണ് കത്തിക്കരിഞ്ഞ നിലയില്‍ മറ്റൊരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഷംഷദാബാദിന്റെ പുറത്ത് തുറസായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃഗ ഡോക്ടറുടെ മൃതദേഹം കടന്നതിന് ഏതാനും കിലോമീറ്ററുകള്‍ അകലെയാണ് രണ്ടാമത്തെ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ രണ്ടു മരണങ്ങളുമായി ഏതെങ്കിലും തരത്തിലുളള ബന്ധമുണ്ടോ എന്നതിനെ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.
ബുധനാഴ്ച രാത്രിയാണ് ഇരുപത്തിയേഴുകാരിയായ മൃഗ ഡോക്ടറെ കാണാതാകുന്നത്. ഷാദ്നഗറിലെ വീട്ടിൽ നിന്ന് ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. യാത്രാമധ്യേ വാഹനം ഷംഷാബാദിലെ ടോൾ ബുത്തിന് സമീപം നിർത്തിയിട്ട് ഡെർമറ്റോളജിസ്റ്റിനെ കാണാൻ പോയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രാത്രി 9 മണിയോടെ തിരിച്ചെത്തിയ യുവതി ബൈക്കിന്റെ ടയർ പഞ്ചറായ നിലയിലാണ് കാണുന്നത്.
സ്കൂട്ടറിന്റെ പഞ്ചര്‍ ശരിയാക്കി തരാമെന്ന അപരിചിതനായ ഒരാള്‍ വാഗ്ദാനം ചെയ്തെന്നാണ് പെണ്‍കുട്ടി തന്റെ സഹോദരിയെ 9.30 ന് വിളിച്ചപ്പോള്‍ പറഞ്ഞത്. താന്‍ തന്നെ സ്കൂട്ടര്‍ നന്നാക്കാന്‍ റിപ്പയറിങ് ഷോപ്പിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും അപരിചിതന് നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നെന്നും അവള് തന്റെ സഹോദരിയോട് ഫോണിലൂടെ പറഞ്ഞു. തനിക്ക് ഇവിടെ നില്ക്കാന് പേടിയാകുന്നുവെന്നും സമീപത്ത് നിറയെ ലോറി ഡ്രൈവര്‍മാരുണ്ടെന്നും അവര്‍ സഹോദരിയോട് ഫോണിലൂടെ പറഞ്ഞിരുന്നു.
അപകടം മണത്ത സഹോദരി അടുത്തുള്ള ടോൾ ഗേറ്റിൽ പോയി കാത്തിരിക്കാൻ സഹോദരി യുവതിയോട് ആവശ്യപ്പെട്ടു. പരിചിതമല്ലാത്ത സ്ഥലത്ത് തങ്ങുന്നത് സുരക്ഷിതമല്ലെന്നും ഇരുചക്ര വാഹനം ഉപേക്ഷിച്ച് വീട്ടിലെത്താൻ നിർദേശിച്ചിരുന്നതായും സഹോദരി പൊലീസിനോടു പറഞ്ഞു. കുറച്ചു സമയത്തിന് ശേഷം വീണ്ടും വിളിച്ചിരുന്നുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംഷാബാദിലെ ടോൾ ബൂത്തിന് 30 കി.മി അകലെ രംഗറെഡ്ഡി ജില്ലയിലാണ് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 70 ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽ നിന്ന് ലഭിച്ച ഗണപതിയുടെ ലോക്കറ്റാണ് യുവതിയെ തിരിച്ചറിയാൻ സഹായിച്ചത്. അതേസമയം, സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിലായി. യുവതിയെ കാണാതാകുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ട്രക്കിലെ ജീവനക്കാരാണ് പിടിയിലായിരിക്കുന്നത്.
Discussion about this post