ശ്രീനഗര്‍: ജമ്മു കശ്മീര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയെ വധിക്കാന്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ വധിക്കാന്‍ ലക്ഷ്യമിട്ടവരുടെ പട്ടികയില്‍ രവീന്ദര്‍ റെയ്നയുടെ പേര് ഉള്ളതായും ഇതിനായി ഭീകരര്‍ കശ്മീര്‍ താഴ്വരയിലേക്ക് നുഴഞ്ഞു കയറിയതായും ഇന്റലിജന്‍സ് വ്യക്തമാക്കി.
രവിന്ദര്‍ റെയ്നയ്ക്കെതിരെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട് ഡിസംബര്‍ ഒന്നിന് പാക് അധീന കശ്മീരില്‍ നിന്നും ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. രവീന്ദര്‍ റെയ്‌നക്ക് പുറമേ രണ്ട് ബിജെപി നേതാക്കളെ കൂടി വധിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
നേരത്തെയും രവീന്ദര്‍ റെയ്നയെ വധിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നു. പാക് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വധിക്കാന്‍ ലക്ഷ്യമിട്ടവരുടെ പട്ടികയില്‍ രവീന്ദര്‍ റെയ്നയും ഉള്‍പ്പെട്ടിട്ടുള്ളതായുള്ള വിവരം ഇന്റലിജന്‍സ് നേരത്തെ പുറത്തുവിട്ടിരുന്നു.
ഭീഷണികള്‍ക്കൊന്നും തന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ കഴിയില്ല. ജമ്മു കശ്മീര്‍ ജനതയ്ക്കായുള്ള തന്റെ പ്രവര്‍ത്തനം തുടരുമെന്നും രവീന്ദര്‍ റെയ്ന പ്രതികരിച്ചു.
അതേസമയം ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രവീന്ദര്‍ റെയ്നയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post