ഡല്‍ഹി: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന പ്രതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സന്തോഷം പ്രകടിപ്പിച്ച് നിര്‍ഭയയുടെ മാതാവ് ആശാ ദേവി. ഏഴ് വര്‍ഷത്തോളമായി തന്നെ നോവിപ്പിച്ചു കൊണ്ടിരിക്കുന്ന മുറിവില്‍ ഓയിന്മെന്റ് പുരട്ടിയതു പോലെ തോന്നുന്നുവെന്നായിരുന്നു വാര്‍ത്ത കേട്ട ഉടനെ അവരുടെ ആദ്യ പ്രതികരണം. പൊലിസിനെതിരെ നടപടിയെടുക്കരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു.
‘ഒരു മകള്‍ക്കെങ്കിലും നീതി ലഭിച്ചല്ലോ. ഞാന്‍ പൊലിസിന് നന്ദി പറയുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി എന്റെ മകളുടെ നീതിക്കായി ഞാന്‍ ഒച്ചവെക്കുകയാണ്. കുറ്റവാളികളെ ശിക്ഷിക്കാനായി അപേക്ഷിക്കുകയാണ്. അത് നിയമവ്യവസ്ഥ തെറ്റിച്ചിട്ടാണെങ്കില് അങ്ങനെ. എന്നിട്ട് സമൂഹം നല്ലതിലേക്ക് മാറുന്നുണ്ടോ എന്ന് നോക്കാമല്ലോ’- അവര്‍ ചൂണ്ടിക്കാട്ടി.
ഞാന്‍ ഇപ്പഴും കോടതി നിരങ്ങുകയാണ്. ഡിസംബര്‍ 13നാണ് ഇനി കോടതിയില്‍ പോവേണ്ടത്. മകള്‍ക്ക് നീതി ലഭ്യമാക്കിയെന്ന് അവളുടെ മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ ആശ്വസിക്കാം. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇനി ചെറിയൊരു ഭീതിയെങ്കിലുമുണ്ടാവും- അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post