ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ബിജെപി വലിയ വിജയം നേടുമെന്ന പ്രവചനങ്ങള്‍ ശരിവെക്കുന്നതാണ് ഫല സൂചനകള്‍. 15 മണ്ഡലങ്ങളിലേയും ലീഡ് നില അറിഞ്ഞപ്പോള്‍ ബിജെപി വലിയ വിജയം നേടുമെന്നാണ് സൂചന. 15ല്‍ 11 ഇടത്തും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. കോണ്‍ഗ്രസ്-2, ജെഡിഎസ്-1, മറ്റുള്ളവര്‍-1 എന്നിങ്ങനെയാണ് ലീഡ് നില. എക്സിറ്റ് പോളുകളെ മറികടക്കുന്ന വലിയ വിജയം ബിജെപി നേടുമെന്നാണ് ഇപ്പോഴത്തെ ഫലസൂചനകള്‍ നല്കുന്ന സൂചന.
നാല് മാസം പൂര്‍ത്തിയായ ബിജെപി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ആണ് പുറത്ത് വരുന്നത്. ആറിടത്തെങ്കിലും ജയിച്ചാല്‍ ബിജെപിയ്ക്ക് ഭരണം നിലനിര്‍ത്താം.
അനുകൂലമായ എക്സിറ്റ് പോള്‍ ഫലത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുമെന്നാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും അവകാശവാദം. വിവിധ എക്സിറ്റ് പോളുകള്‍ ബിജെപിക്ക് 13 സീറ്റുകള്‍വരെ ലഭിക്കുമെന്നാണ് പ്രവചിച്ചത്.
ഉച്ചയോടെ ഫലം പൂര്‍ണമായും അറിയാം. 67.91 ശതമാനമായിരുന്നു പോളിങ്. ബിജെപിക്ക് ഒരു സ്വതന്ത്രന് അടക്കം 106 പേരുടെ പിന്തുണയാണിപ്പോഴുള്ളത്. കോണ്‍ഗ്രസിന് 66 പേരുടെയും ജെഡിഎസിന് 34 പേരുടെയും പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. തിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. നിയമസഭാ സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയെങ്കിലും മത്സരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു. കുറഞ്ഞത് 13 സീറ്റില്‍ ബിജെപി വിജയിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post