ജമ്മു കശ്മീരിലെ പ്രായപൂര്‍ത്തിയാകാത്ത ഒരാളെപോലും കശ്മീരിലെ ജയിലില്‍ പാര്‍പ്പിച്ചിട്ടില്ല. ജമ്മു കശ്മീര്‍ ഹൈക്കോടതിയാണ് സുപ്രിംകോടതിയ്ക്ക് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഹൈക്കോടതിയിലെ നാലു ജഡ്ജിമാര്‍ സംസ്ഥാനത്തെ മുഴുവന്‍ ജയിലിലും സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ റദ്ദാക്കിയതിനെത്തുടര്‍ന്ന് മുന്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി ഇന്ത്യയുമായി അവസാനിപ്പിച്ചു. പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശത്തെ എല്ലാ ജയിലുകളും സന്ദര്‍ശിച്ച ജമ്മു കശ്മീര്‍ ഹൈക്കോടതിയിലെ നാല് ജഡ്ജിമാരുടെ റിപ്പോര്‍ട്ടിലാണ് മേല്‍പ്പറഞ്ഞ വിവരങ്ങള്‍ സമര്‍പ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്തവരെ താഴ്വരയില് സംസ്ഥാന അധികൃതര്‍ തടഞ്ഞുവച്ചുവെന്ന ആരോപണം തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ജമ്മു കശ്മീരില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ജയിലില്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് ആരോപിച്ച് സുപ്രിംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് 2019 സെപ്റ്റംബറില്‍ ആണ് ഹര്‍ജി കേട്ടത്. ഹര്‍ജിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതിയ്ക്ക് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ആക്ടിവിസ്റ്റ് എനാക്ഷി ഗാംഗുലിയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ നിരവധി കുട്ടികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഓഗസ്റ്റില്‍ സമര്‍പ്പിച്ച് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ പറയുന്നു.
Discussion about this post