കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം സ്വദേശി മുഹമ്മദ് നദിമിനെ മുളവുകാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് മയക്കുമരുന്നും എയര്‍ ഗണ്ണുകളും പിടിച്ചെടുത്തു.
എന്‍ഐഎയുടെ വ്യാജ തിരിച്ചറിയല്‍ രേഖയുമായി ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു ഇയാള്‍. ഹോട്ടലില്‍ താമസിച്ചിരുന്ന ഇയാളുടെ മുറിയില്‍ കഴിഞ്ഞ ദിവസം ചില സുഹൃത്തുക്കള്‍ എത്തിയിരുന്നു. ഇവരിലൊരാള്‍ തന്റെ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും നദീം ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. പൊലീസിന് മാത്രമേ ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയൂ എന്ന് ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു. ഈ സമയം താന്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് നദീം മൊബൈലില്‍ ഉണ്ടായിരുന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോ കാണിച്ചു. സംശയം തോന്നിയ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു.
തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോള്‍ ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് കഞ്ചാവും ലഹരി മരുന്നും കണ്ടെത്തി. ഒരു എയര്‍ ഗണ്ണും എയര്‍ പിസ്റ്റളും കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്‍ഐഎ ഉദ്യോഗസ്ഥര്‍ എത്തി നദീമിനെ ചോദ്യം ചെയ്തു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Discussion about this post