കേന്ദ്രസർക്കാർ പാസ്സാക്കിയിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന സെലിബ്രിറ്റികൾക്ക് തുറന്ന കത്തുമായി മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബംഗ്ലാദേശ് രൂപീകരണ ചരിത്രത്തിലേക്കും കിഴക്കൻ പാകിസ്ഥാന്റെ രാഷ്ട്രീയ ഭൂതകാലത്തിലേക്കും വെളിച്ചം വീശുന്ന കുറിപ്പിൽ, മേഖലയിലെ ഹൈന്ദവ ന്യൂനപക്ഷം ഏറ്റുവാങ്ങിയ കൊടിയ പീഡനങ്ങളുടെയും വംശഹത്യകളുടെയും ലഘുവിവരണത്തോടൊപ്പം പൗരത്വ നിയമത്തിന്റെ രാഷ്ട്രീയ പ്രസക്തിയും സമകാലിക അനിവാര്യതയും വിശദമായി പ്രതിപാദിക്കുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം
സെലിബ്രിറ്റികൾക്ക് ഒരു തുറന്ന കത്ത് ….
ശംഖരി ബസാർ റോഡ് ടിക്കാ ഖാൻ റോഡായി മാറിയ പഴയ ഒരു സംഭവമുണ്ട്. പത്തു നാൽപ്പത്തിയെട്ട് വർഷം മുൻപാണ്, കൃത്യമായി പറഞ്ഞാൽ 1971 മാർച്ച് 26 ന് .
സംഭവം നടന്നത് ബംഗ്ലാദേശിലാണ്. ഹിന്ദുക്കൾ ഏറ്റവും കൂടുതൽ താമസിക്കുന്ന ഒരു പ്രദേശമായിരുന്നു ശംഖരി ബസാർ. ഒരു സുപ്രഭാതത്തിൽ പാകിസ്ഥാൻ സൈന്യം അവിടേക്ക് ഇരച്ചു കയറി. വീടുകളിൽ നിന്ന് ആളുകളെ പുറത്തിറക്കി.. നിരത്തി നിർത്തി ആണുങ്ങളെയും കുട്ടികളേയും വെടിവെച്ചു കൊന്നു. വീടുകൾ തീയിട്ടു. കൊള്ളയടിച്ചു. യുദ്ധത്തിൽ നിന്നു കിട്ടുന്ന പ്രതിഫലമെന്ന് അവർ തന്നെ വിശേഷിപ്പിച്ച ഹിന്ദു പെണ്ണുങ്ങളെ പിടിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്തു.
ഐസിസുകാർ യസീദികളെ ലൈംഗിക അടിമകളാക്കിയതു പോലെ അവരേയും ലൈംഗിക അടിമകളാക്കി. ക്രൂരമായി പീഡിപ്പിച്ചു. ആവശ്യം കഴിഞ്ഞപ്പോൾ വെടിവെച്ചുകൊന്നു.ആ ശംഖരി ബാസാർ റോഡിൽ ദിവസങ്ങളോളം ഹിന്ദുക്കളുടെ ശവങ്ങൾ പുഴുവരിച്ചു കിടന്നു. ഇത്രയുമായ സ്ഥിതിക്ക് വംശഹത്യ പൂർണമാകണ്ടേ.. പേരും കൂടി മാറ്റി. ടിക്കാ ഖാൻ റോഡ്.
1971 ൽ ബംഗ്ലാദേശ് പിറക്കുന്നതിനു മുൻപുള്ള പാക് സൈനിക നടപടിയിൽ കിഴക്കൻ പാകിസ്ഥാൻ നേരിട്ടത് അതി ക്രൂരമായ വംശഹത്യകളാണ്. ഹിന്ദു പ്രദേശങ്ങൾ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു പാകിസ്താൻ സൈന്യം. എതാണ് മൂന്ന് ലക്ഷം മുതൽ മുപ്പത് ലക്ഷം വരെ ആളുകൾ കൊല്ലപ്പെട്ടതിൽ എഴുപത് ശതമാനത്തോളം ഹിന്ദുക്കളായിരുന്നു. പതിനായിരക്കണക്കിന് സ്ത്രീകൾ ബലാത്സംഗത്തിനിരയായി.
ഹിന്ദുക്കൾ മാത്രമല്ല ആക്രമണം നേരിട്ടത്. ബംഗാളി മുസ്ലിമുകൾക്കും ക്രൂരത നേരിടേണ്ടി വന്നു. അതിനെക്കുറിച്ച് ഒരു പാക് പട്ടാള ഉദ്യോഗസ്ഥൻ പറഞ്ഞത് “ ഞങ്ങൾ യഥാർത്ഥ മുസ്ലിങ്ങളെ കണ്ടെത്തുകയാണ്. മുസ്ലിം പേരുള്ള ഹിന്ദുക്കളാണിവന്മാർ. ഹിന്ദുക്കളെപ്പോലെ തന്നെ ഇവർക്കും ഇവിടെ ജീവിക്കാൻ അർഹതയില്ല. പട്ടാള നടപടി കഴിയുമ്പോൾ ബാക്കിയാവുന്നവരാണ് ശുദ്ധ മുസ്ലിങ്ങൾ “ പഴയ ധാക്കയിലും ചുക്നഗറിലും ജതിഭംഗയിലും ഇതൊക്കെ തന്നെ സംഭവിച്ചു.
ധാക്ക സർവകലാശാലയിൽ കടന്നു കയറി മുന്നൂറോളം വിദ്യാർത്ഥികളെ വെടിവെച്ചു കൊന്നു. ഹിന്ദു വിദ്യാർത്ഥികളുടെ ഡോർമിറ്ററി പ്രത്യേകം നോക്കിവച്ച് ആക്രമിച്ചു. ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥിനികളെ പിടിച്ചിറക്കി ബലാത്സംഗം ചെയ്തു. ലൈംഗിക അടിമകളാക്കി.ക്രൂരമായ ഹിന്ദു കൂട്ടക്കൊലകൾ തന്നെ അരങ്ങേറി. ലക്ഷങ്ങൾ ഇന്ത്യയിലേക്ക് കുടിയേറി.
കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിലും സാമ്പത്തികമായി നല്ലത് വിഷയത്തിൽ ഇടപെടുന്നതാണെന്ന് മനസ്സിലാക്കിയ ഇന്ത്യ യുദ്ധത്തിൽ ഇടപെട്ടു. മുക്തിബാഹിനിയെ പിന്തുണച്ചു. പാകിസ്ഥാൻ പരാജയപ്പെട്ടു. ബംഗ്ലാദേശ് ജനിച്ചു. ഇത് ചരിത്രം.
അന്ന് പാകിസ്താൻ സൈന്യം ഒറ്റയ്ക്കായിരുന്നില്ല ഈ ക്രൂരതകളൊക്കെ നടത്തിയത്. അവർക്കൊപ്പം കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയായി ചില സംഘടനകളുണ്ടായിരുന്നു. അൽ ബദർ , അൽ ഷാം പിന്നെ ഇതിന്റെയൊക്കെ തലതൊട്ടപ്പനായി ഇസ്ലാമി ഛാത്ര സംഘ . ഈ ഇസ്ലാമി ഛാത്ര സംഘ ഇപ്പോൾ ഇസ്ലാമി ഛാത്ര ശിബിർ എന്നാണറിയപ്പെടുന്നത്. ഇവരെല്ലാവരും ഒരു വലിയ സംഘടനയുടെ ബ്രാഞ്ചുകളാണ്. ആ സംഘടനയാണ് ജമ അതെ ഇസ്ലാമി- ബംഗ്ലാദേശ്. ഇന്ത്യൻ ജമ അതെ ഇസ്ലാമിയുടെ സഹോദരൻ.
ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ എന്ന എസ്.ഐ.ഒ ജമ അതെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയാണ്. അതായത് 1971 ൽ ഹിന്ദു വംശഹത്യ ചെയ്യാൻ പാകിസ്താൻ പട്ടാളത്തെ സഹായിച്ച ഇസ്ലാമി ഛാത്ര സംഘയുടെ പരിഷ്കരിച്ച ഇന്ത്യൻ രൂപം.
ഇനി മറ്റൊരു കാര്യം കൂടി ഓർമ്മിപ്പിക്കാം. ഷെയ്ഖ് ഹസീന സർക്കാർ അധികാരമേറ്റതിനു ശേഷം 1971 ലെ യുദ്ധക്കുറ്റവാളികളെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തി വധശിക്ഷ വിധിച്ചിരുന്നു. അതിൽ മിക്കവരുടേയും വിധി നടപ്പാക്കുകയും ചെയ്തു. ആയിരങ്ങളെ കൂട്ടക്കൊല ചെയ്തതിൽ പ്രധാന പങ്കു വഹിച്ച ആ കുറ്റവാളികൾ ജമ അതെ ഇസ്ലാമിയുടെ നേതാക്കന്മാരായിരുന്നു.
മിർപൂരിലെ കശാപ്പുകാരൻ ( മനുഷ്യരെയാണ് , ആടിനെയല്ല ) എന്നറിയപ്പെട്ട അബ്ദുൽ ഖാദർ മൊല്ല ജമ അതെ ഇസ്ലാമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. 11 കാരി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലും കൂടിയാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്.മറ്റൊരു നേതാവ് മുഹമ്മദ് ഖമറുസ്സമാൻ ഇസ്ലാമി ഛാത്ര സംഘയുടെ നേതാവായിരുന്നു അക്കാലത്ത്. നൂറുകണക്കിനു പേരെ നേരിട്ട് കൊല്ലിച്ചതിൽ പ്രമുഖൻ. ഇയാളെയും കോടതി വധശിക്ഷ വിധിച്ച് തൂക്കിലേറ്റി.
ബംഗ്ലാദേശ് ജമാ അത്തെ ഇസ്ലാമിയും ഇന്ത്യൻ ജമ അത്തെ ഇസ്ലാമിയും തമ്മിൽ ബന്ധമില്ലെന്ന വാദവുമായി ചിലരൊക്കെ രംഗത്തെത്തിയേക്കാം. അവർക്ക് വേണ്ടി എസ്.ഐ.ഒയുടെ പഴയ ഒരു പോസ്റ്റർ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
ഇനി കാര്യത്തിലേക്ക് വരാം. ജമ അതെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ എസ്.ഐ.ഒയും ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയുമൊക്കെയാണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാൻ മുന്നിൽ നിന്നത്. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങളോട് പതിറ്റാണ്ടുകളായുള്ള വിരോധത്തിന്റെയും മതവെറിയുടെയും ബാക്കി പത്രമാണ് ജമ അത്തെ ഇസ്ലാമിയും അതിന്റെ ബൗദ്ധിക പെട്രോളു കൊണ്ട് വണ്ടിയോടിക്കുന്ന ഇസ്ലാമിക സംഘടനകളും ഇപ്പോൾ കാണിക്കുന്നത്.
ഇത് ഒരിക്കലും ഒരു മുസ്ലിം ഇരയ്ക്കും വേണ്ടിയല്ല. മറിച്ച് ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കിയ ജമ അതെ ഇസ്ലാമി മത മൗലികവാദ വേട്ടക്കാർക്ക് വേണ്ടിയാണ്. ഇരവാദത്തിന്റെ മുഖം മൂടിയിൽ ഒളിച്ചിരിക്കുന്നത് ജമ അതെ ഇസ്ലാമിയുടെ ചോരകുടിയൻ ചെന്നായ് മുഖമാണ്.
കൈചൂണ്ടിയ ചിത്രങ്ങളൊക്കെ വൈറലായപ്പോൾ സിനിമ മേഖലയിലെ സെലിബ്രിറ്റി സുന്ദര വിഢികൾ അതൊക്കെയെടുത്ത് വലിയ വലിയ ഡയലോഗുകൾ അടിച്ചു കസറുന്നതു കണ്ടു.
നിങ്ങളോട് ചില കാര്യങ്ങൾ പറയാതിരിക്കാനാകില്ല
1, നിങ്ങൾ മഹത്വവത്കരിക്കുന്നത് ബംഗ്ലാദേശിലെ വംശഹത്യക്ക് കാരണമായി അവിടുത്തെ സർക്കാർ തൂക്കിലേറ്റിയ കൊടും ക്രൂരന്മാരുടെ പ്രത്യയശാസ്ത്ര അനുയായികളെയാണ്.
2, നിങ്ങൾ എതിർക്കുന്നത് ഇവന്മാർ ക്രൂരമായി കൊന്നു തള്ളിയ പാവങ്ങളുടെ ഇടയിൽ നിന്ന് വല്ല വിധേനെയും രക്ഷപ്പെട്ട പാവങ്ങൾക്ക് ആശ്വാസം കൊടുക്കുന്ന ഒരു നിയമത്തെയാണ്.
3, ഇരയെന്ന് തെറ്റിദ്ധരിച്ച് നിങ്ങളിപ്പോൾ പിന്തുണച്ചത് കൊടും ക്രൂരതയുടെ, വേട്ടക്കാരന്റെ ഫിലോസഫിയെയാണ്..
4, ബംഗ്ലാദേശിലെ ജമ അതെ ഇസ്ലാമിക്കാരന്റെ വേട്ടക്കാർ അവസരം കിട്ടിയപ്പോൾ കൊന്നൊടുക്കിയത് ബുദ്ധിജീവികളേയും കലാകാരന്മാരേയുമൊക്കെയാണ്.
ലാസ്റ്റ് ആൻഡ് ഫൈനൽ…
5, വേട്ടക്കാരുടെ യൂസ്ഫുൾ ഇഡിയറ്റുകളാകരുത് … !
https://www.facebook.com/photo.php?fbid=2835473756517523&set=a.236990423032549&type=3&theater
Discussion about this post