കോയമ്പത്തൂർ: 2022 ലെ കോയമ്പത്തൂർ ചാവേർ കാർ ബോംബാക്രമണത്തിൽ എൻ ഐ എ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചപ്പോൾ വെളിവാകുന്നത് വൻ ഗൂഢാലോചനയാണ്. ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനമെന്ന് ഭരണത്തിലിരിക്കുന്ന ഡി എം കെ പാർട്ടിയും മുഖ്യമന്ത്രി സ്റ്റാലിനും നിസ്സാരമായിത്തള്ളിയ സ്ഫോടനത്തിൽ എൻ ഐ എ അന്വേഷണം വേണമെന്ന് അന്ന് തമിഴ്നാട് ബിജെപി പ്രസിഡൻ്റായിരുന്ന കെ അണ്ണാമലൈ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടന്ന എൻ ഐ എ അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന ഗൂഢാലോചനയാണ്. കേരളത്തിലും തമിഴ്നാട്ടിലുമായി പരന്ന് കിടക്കുന്ന സജീവ ഐസിസ് മൊഡ്യുളുകളുടെ ചിത്രം എൻ ഐ എ കഴിഞ്ഞ ദിവസം സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാകുന്നുണ്ട്.
കോയമ്പത്തൂർ ഉക്കടത്തിനടുത്ത് സംഗമേശ്വരർ ക്ഷേത്രത്തിന് സമീപം 2022 ഒക്ടോബർ 23 ആം തീയതിയാണ് സ്ഫോടനം നടന്നത്. ഈ സ്ഫോടനത്തിൽ ജമേഷാ മുബിൻ എന്നൊരാൾ കൊല്ലപ്പെടുകയും ക്ഷേത്രത്തിനും ചുറ്റുമുള്ള കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ജമേഷാ മുബിൻ ചാവേർ ആക്രമണകാരിയാണെന്ന് പിന്നീട് അന്വേഷണ ഏജൻസികൾ സ്ഥിതീകരിച്ചു. സ്ഫോടനത്തിന്റെ ആഘാതം വർദ്ധിപ്പിക്കാനായി കാറിനുള്ളിൽ സ്ഫോടക വസ്തുക്കളോടൊപ്പം രണ്ട് ഗ്യാസ് സിലിണ്ടറുകളും ഇരുമ്പാണികളും ബാൾ ബെയറിങ്ങുകളും മാർബിൾ ചീളുകളും നിറച്ചിരുന്നു. ഉദ്ദേശിച്ച സ്ഥലത്തെത്തും മുൻപ് അബദ്ധത്തിൽ സ്ഫോടനം നടന്നതാണെന്നും അല്ലെങ്കിൽ വലിയ ആൾനാശം സംഭവിക്കുമായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. ജമേഷാ മുബീൻ ഈ ആക്രമണം നടത്തുന്നതിന് മുൻപ് ഐസിസ് നേതാവായ അബു അൽ-ഹസൻ അൽ-ഹാഷിമി അൽ- ഖുറാഷിക്ക് കൂറ് പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യമാദ്ധ്യമങ്ങളിൽ സ്റ്റാറ്റസ് ഇട്ടിരുന്നു.
എഞ്ചിനീയറിങ് ബിരുദധാരിയായ ജമേഷാ മുബിൻ കടുത്ത വിശ്വാസിയും നേരത്തേ തന്നെ പോലീസ് നിരീക്ഷണത്തിൽ ഉള്ളയാളുമായിരുന്നു. ഇയാൾ സാധാരണ ജമാഅത്ത് നമസ്കാരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നില്ല. മറ്റുള്ളവർ നമസ്കാരം ചെയ്ത് കഴിയുന്നതുവരെ പള്ളിക്ക് പുറത്ത് നിൽക്കുകയും അതിന് ശേഷം ഒറ്റയ്ക്ക് പള്ളിയിൽ പോയിരുന്ന് നിസ്കാരം ചെയ്യുകയും ചെയ്യുന്ന ശീലമുണ്ടായിരുന്ന ഇയാൾ അസുഖങ്ങൾ വന്നാൽ എറണാകുളത്തുള്ള ഒരു യുനാനി വൈദ്യനെ മാത്രമാണ് കണ്ടിരുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. സ്വന്തം മകൾക്ക് അസുഖങ്ങൾ വന്നപ്പോൾ പോലും ഡോക്ടറെ കാണാൻ സമ്മതിക്കാതെ വീട്ടുവൈദ്യങ്ങൾ ചെയ്യാൻ അയാൾ ഭാര്യയേയും ബന്ധുക്കളേയും നിർബന്ധിച്ചതായും മൊഴികളുണ്ട്. . ജമേഷാ മുബീനൊപ്പം ബന്ധുക്കളായ അഫ്സർ ഖാനും മുഹമ്മദ് അസ്ഹറുദ്ദീനും എപ്പോഴും ഉണ്ടാകുമായിരുന്നു എന്നും അവരെല്ലാം പരസ്യമായിത്തന്നെ കാഫിറുകളെ ഉന്മൂലനം ചെയ്യണമെന്ന് പറയാറുണ്ടായിരുന്നു എന്നും സാക്ഷിമൊഴികളുണ്ട്.
2021ലെ സ്വാതന്ത്ര്യ ദിനത്തിൽ മുബിൻ്റെ ഭാര്യവീട്ടിൽ വച്ച് ഇയാൾ വീട്ടുടമയുമായി ത്രിവർണ്ണപതാക ഉയർത്തുന്നതിനെ സംബന്ധിച്ച് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. വീടിൻ്റെ താഴത്തെ നിലയിൽ താമസിക്കുന്ന ഉടമ ദേശീയ പതാക ഉയർത്തിയത് മുബിനെ ചൊടിപ്പിച്ചു. അയാൾ പതാക വലിച്ചുകീറി അടുത്തുള്ള ഓടയിൽ എറിഞ്ഞു. പതാക എടുത്തുകളഞ്ഞത് ആരാണെന്ന് അറിയാതിരുന്ന ഉടമ വീണ്ടുമൊരു പതാക ഉയർത്തി. അതും മുബിൻ വലിച്ചുകീറുകയും ഉടമയുമായി വഴക്കുണ്ടാക്കുകയും ചെയ്തതായി വീട്ടുടമ പോലീസിന് മൊഴി നൽകിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ 42 സ്ഥലങ്ങളിലും പാലക്കാടും എറണാകുളത്തും എൻഐഎ റെയ്ഡ് നടത്തിയിട്ടുണ്ട്. ചെന്നൈ പുതുപ്പേട്ടയിൽ പഴയ വാഹനങ്ങൾ വിൽപന നടത്തുന്ന നിസാമുദ്ദീൻ എന്നയാളെ റെയ്ഡിനെ തുടർന്ന് കസ്റ്റഡിയിലെടുത്തു. സംശയമുണ്ടാകാതിരിക്കാൻ ഒൻപത് പേരുടെ കൈ മറിഞ്ഞാണ് കാർ മുബിന് ലഭിച്ചത്. 1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനത്തിലെ പ്രധാന പ്രതിയായ എസ്.എ. ബാഷയുടെ ഇളയ സഹോദരൻ നവാബ് ഖാൻ്റെ മകനായ മുഹമ്മദ് തൽഹയാണ് കാർ വാങ്ങി സൗജന്യമായി ജമേഷാ മുബിന് നൽകിയതെന്നതിന് അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട ജമീഷ മുബീനുമായി അടുത്തബന്ധം പുലര്‍ത്തിയ പ്രതികളിലൊരാളായ ഫിറോസ് ഇസ്മയില്‍ ഐ.എസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് 2019-ല്‍ ദുബായില്‍നിന്ന് നാടുകടത്തപ്പെട്ടയാളാണ്. ഇന്ത്യയിലെത്തിയ ശേഷവും ഫിറോസ് ഐ.എസുമായി ബന്ധം പുലർത്തിയിരുന്നു എന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി.സ്‌ഫോടനത്തിന് ആവശ്യമായ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) നിർമ്മിക്കുന്നതിന് വേണ്ട സാധനങ്ങൾ വാങ്ങാൻ ജമേഷ മുബീൻ്റെ ഒരു ബന്ധുവായ മുഹമ്മദ് അസ്ഹറുദ്ദീൻ സഹായിച്ചതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിനായി സൈനിക ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന PETN (Pentaerythritol tetranitrate) എന്ന സ്ഫോടകവസ്തു ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇത് കരിഞ്ചന്തയിൽ നിന്ന് മാത്രമേ ലഭ്യമാവുകയുള്ളൂ.
ജമേഷ മുബീൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കോയമ്പത്തൂരിലെ വിവിധ ക്ഷേത്രങ്ങള്‍, കളക്ടറേറ്റ്, കമ്മീഷണര്‍ ഓഫീസ് തുടങ്ങിയവയുടെ രേഖാചിത്രങ്ങള്‍ ഉള്‍പ്പെടെ പോലീസ് കണ്ടെടുത്തിരുന്നു. സ്ഫോടകവസ്തുക്കളും ബോംബ് നിർമ്മാണത്തിനാവശ്യമായ മറ്റ് വസ്തുക്കളും അവിടെ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തു.
ഈ അന്വേഷണത്തിൽ അഞ്ച് പേർക്കെതിരെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചു. ഷെയ്ഖ് ഹിദായത്തുള്ള, ഉമർ ഫാറൂഖ്, പവാസ് റഹ്മാൻ, ശരൺ മരിയപ്പൻ, അബൂ ഹനീഫ എന്നിവരാണ് പുതുതായി പ്രതിപ്പട്ടികയിൽ എത്തിയത്. ഇതോടെ ഈ കേസിൽ ആകെ 17 പേർക്കെതിരെ കുറ്റപത്രം നൽകിയിട്ടുണ്ട്. ഈ ഭീകരാക്രമണത്തിൻ്റെ സാമ്പത്തിക ആസൂത്രണമാണ് പുതിയ പ്രതികൾ നടത്തിയത്. ഇവരെല്ലാം ചേർന്ന് വ്യാജ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി വിറ്റ് പണം ഉണ്ടാക്കുകയും, ഇത് സ്ഫോടനത്തിന് വേണ്ട സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുകയും ചെയ്തു എന്നാണ് പുതിയ കണ്ടെത്തൽ. പവാസ് റഹ്മാനും ശരണും വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സഹായിച്ചെന്നും, അബൂ ഹനീഫ പണം നൽകിയെന്നും എൻഐഎ കണ്ടെത്തി.
‘ഐസിസ് അനുഭാവികൾ ഒക്ടോബർ 22ന് കോയമ്പത്തൂരിൽ നടത്തിയ ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർക്ക് കൂടി എൻ ഐ എ ചാർജ് ഷീറ്റ് നൽകിയിട്ടുണ്ട്. സിലണ്ടർ ബ്ളാസ്റ്റ് എന്ന പേരിൽ അന്ന് ഡി എം കെ ഗവണ്മെൻ്റ് നടത്തിയ നാടകം ഇതോടെ വെളിവായിരിക്കുകയാണ്. ഭീകരാക്രമണത്തെ ലഘൂകരിച്ച് കാണിക്കാൻ ഡി എം കെ നടത്തിയ ആ ദയനീയമായ പരിശ്രമം ദേശീയസുരക്ഷയ്ക്ക് ഇവർ എത്രത്തോളം പ്രാധാന്യമാണ് നൽകുന്നതെന്ന് ഒരുപാട് വിവരങ്ങൾ പറയാതെ പറയുന്നുണ്ട്‘ എൻ ഐ എ ചാർജ് ഷീറ്റ് പങ്കുവച്ചുകൊണ്ട് തമിഴ്നാട് മുൻ ബിജെപി പ്രസിഡൻ്റ് കെ അണ്ണമലൈ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലുമായി പരന്നു കിടക്കുന്ന സജീവമായ ഐസിസ് സ്ലീപ്പർ സെല്ലുകൾക്ക് ഭരണത്തിലിരിക്കുന്ന ഡി എം കെ പാർട്ടിയുടെ നേതാക്കളുമായി ബന്ധമുണ്ടോ എന്ന സംശയത്തിലേക്കും ഈ അന്വേഷണം വിരൽ ചൂണ്ടുന്നുണ്ട്.
Discussion about this post