ജീവിതശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഏറെയുള്ള നാടാണ് നമ്മുടേത്. നമ്മുടെ സാമൂഹിക ക്രമങ്ങളിലുള്ള മാറ്റങ്ങൾ ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കാൻ കാരണമായെന്ന് വേണം പറയാൻ. കായിക അധ്വാനം കുറവുള്ള ജോലി, ജീവിത ശൈലി, വ്യായാമക്കുറവ്, ലഹരി ഉപയോഗം, ഭക്ഷണക്രമത്തിലുള്ള വ്യതിയാനം, മാനസികമായ പിരിമുറക്കങ്ങൾ എല്ലാം വിനയായി മാറി. അമിതവണ്ണം, പ്രമേഹം, പിസിഒഎസ്, ഫാറ്റിലിവർ, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം എന്നിവയാണ് നിലവിലെ ജീവിതശൈലി രോഗങ്ങളിൽ പ്രധാനം. ഇവയ്‌ക്കൊന്നും സമ്പൂർണ പരിഹാരമല്ലെങ്കിൽ കൂടിയും ഒരു ചുടുചുംബനം കൊണ്ട് സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സാധിക്കുമത്രേ.
ജോലിക്ക് പോകുന്നതിന് മുൻപ് ഭാര്യയെ ചുംബിക്കുന്ന പുരുഷന്മാരുടെ ആയുസ് ഏതാണ്ട് നാല് വർഷത്തിലധികം വർധിച്ചതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. ചെറിയ സ്‌നേഹ പ്രകടനം റൊമാൻറിക് വികാരത്തിനപ്പുറം നമ്മുടെ ആരോഗ്യത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നുമാണ് വിവരം. ചുംബിക്കുമ്പോൾ ആളുകളുടെ മാനസികാവസ്ഥ മെച്ചപ്പെടുന്നു. ഇത് ഫീൽഗുഡ് ഹോർമോണുകളായ ഓക്സിറ്റോസിന്റെയും (ബോണ്ടിങ് ഹോർമോൺ) ഡൊപാമിന്റെയും (മെച്ചപ്പെട്ട മാനസികാവസ്ഥയും ന്തോഷവും വർധിപ്പിക്കുന്ന ഹോർമോൺ) ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുമെന്നും പഠനം നടത്തിയവർ വ്യക്തമാക്കുന്നു.
കോർട്ടിസോൾ എന്നാണ് സമ്മർദ്ദത്തിൻറെ ഹോർമോൺ. ചുംബിക്കുന്നതിലൂടെ കോർട്ടിസോൾ ഹോർമോൺ ഉത്പാദനം കുറയ്ക്കുകയും പ്രതിരോധ ശക്തിയും തലച്ചേറിൻറെ ആരോഗ്യവും വർദ്ധിപ്പിക്കുന്നു. ചുംബനങ്ങൾ നിങ്ങളുടെ ഇമോഷണൽ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും സമ്മർദം ഒഴിവാക്കി ദമ്പതികൾക്കിടയിലെ ആത്മബന്ധം വർദ്ധിപ്പിക്കാനും സഹായിക്കും.
Discussion about this post