മലപ്പുറം: നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്ന ചില മുസ്ലിംലീഗ് നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത രംഗത്തെത്തി. നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ നാല് ലീഗ് എംഎല്‍എമാരെ നിലക്ക് നിര്‍ത്തണമെന്ന് സമസ്ത നേതാവായ അബ്ദുള്‍ ഹമീദ് ഫൈസി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ വന്ന ഫൈസിയുടെ ലേഖനത്തിനെതിരെ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു.
സമസ്തയ്ക്ക് അവരുടെ നിലപാടാകാമെന്നായിരുന്നു കെ.പി.എ. മജീദ് വ്യക്തമാക്കിയത്.
നിലവിളക്ക് കൊളുത്തുന്നതില്‍ അപാകതയില്ലെന്നു പറഞ്ഞ മന്ത്രി എം.കെ. മുനീര്‍, എംഎല്‍എമാരായ കെ.എം. ഷാജി, കെ.എന്‍.എ. ഖാദര്‍, ഇവരെ അനുകൂലിക്കുന്ന അബ്ദുറഹിമാന് രണ്ടത്താണി എന്നിവര്‍ക്കെതിരേയാണു ലേഖനത്തിലെ ശക്തമായ വിമര്‍ശം. നിലവിളക്കു വിഷയം വിവാദമാക്കുന്ന ഇവര്‍ക്കു കപടമതേതരവാദികളുടെ കൈയടി വാങ്ങാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള സ്വാര്‍ഥ താത്പര്യം മാത്രമാണുള്ളത്. മതപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടതു മതപണ്ഡിതരാണെന്നും ലേഖനം പറയുന്നു.
നിലവിളക്ക് വിവാദത്തില്‍ സുന്നി, മുജാഹിദ്, ജമാഅത്ത് പണ്ഡിതന്മാര് അഭിപ്രായം പറഞ്ഞുകഴിഞ്ഞു. സമസ്ത പ്രസിഡന്റും സെക്രട്ടറിയും ഇതിന്റെ മതവിധിയും വ്യക്തമാക്കി. പിന്നെയും വിവാദമാക്കുന്നതു സ്വാര്‍ഥ താത്പര്യം മൂലമാണ്.
ഹുസൈന് രണ്ടത്താണിക്കെതിരേയും കെ.ടി. ജലീല്‍ എംഎല്‍എക്കെതിരേയും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ശരീഅത്തിനെതിരെ നിലകൊണ്ട ആര്യാടന് മുഹമ്മദ്, ടി.കെ. ഹംസ, ആരിഫ്ഖാന് എന്നിവരുടെ സ്ഥാനം സമുദായ മനസിനു പുറത്തായത് ഇത്തരക്കാര്‍ക്കു പാഠമാവണമെന്ന താക്കീതും ലേഖനത്തിലുണ്ട്.മുസ്ലിം രാഷ്ട്രീയ നേതാക്കള്‍ ന്യൂനപക്ഷത്തിന്റെ അവകാശം സംരക്ഷിക്കാന്‍ സമുദായത്തോടൊപ്പമാണു നില്‍ക്കേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.
നിലവിളക്ക് വിവാദത്തില്‍ പരസ്യപ്രസ്താവനകളില്നിന്നു വിട്ടുനില്‍ക്കാന്‍ മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post