ഇന്ത്യന്‍ നാവികസേനയുടെ സമുദ്രാന്തര്ശക്തിയ്ക്ക് വന്‍ കുതിപ്പുമായി 24 പുതിയ അന്തര്‍വാഹിനികള്‍ നിര്‍മ്മിയ്ക്കാന്‍ പദ്ധതി. സുരക്ഷാകാര്യ പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഈ വിവരം അറിയിച്ചത്. ഈ ഇരുപത്തിനാലു അന്തര്‍വാഹിനികളില്‍ ആറെണ്ണം ആണുശക്തിയുപയോഗിച്ച് പ്രവര്ത്തിയ്ക്കുന്നതാവും. ഇപ്പോള്‍ നാവികസേനയ്ക്ക് ആകെ പതിനഞ്ച് സാധാരണ അന്തര്‍വാഹിനികളും രണ്ട് ആണവ അന്തര്വാഹിനികളുമാണുള്ളത്. ഇപ്പോഴുള്ള അന്തര്‍വാഹിനികളില്‍ മിക്കതിനും 25 കൊല്ലത്തിലധികം പഴക്കമുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അടുത്തിടെ ചൈനീസ് നാവികസേനയുടെ സാന്നിദ്ധ്യം ശക്തമായിരുന്നു. നമുക്ക് നിലവിലുള്ള കപ്പലുകളും അന്തര്‍വാഹിനികളും സൗകര്യങ്ങളും ഉപയോഗിച്ച് ഈ സാന്നിദ്ധ്യത്തിനെ ഫലപ്രദമായി പ്രതിരോധിക്കാനാവില്ല എന്ന് കാലങ്ങളായി പ്രതിരോധവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. അതിനുവേണ്ടിയുള്ള ശക്തമായ ചുവടുവയ്പ്പായാണ് ഇത്രയധികം അന്തര്‍വാഹിനികള്‍ നിര്‍മ്മിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതെന്നറിയുന്നു
പുതിയ അന്തര്‍വാഹിനികള്‍ നിര്‍മ്മിയ്ക്കാന്‍ കാലതാമസം ഉണ്ടാകുമെന്നതു കൊണ്ട് പഴയ അന്തര്‍വാഹിനികള്‍ പൂര്‍ണ്ണമായും അറ്റകുറ്റപ്പണികള്‍ നടത്തി തല്ക്കാലം പുനരുപയോഗിക്കാന്‍ ആയിരം കോടി രൂപയുടെ പദ്ധതിയും അനുവദിച്ചിട്ടുണ്ട്. റഷ്യയിലും ഇന്ത്യയിലുമായി നടക്കുന്ന ഇതിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയകള്‍ക്കായി റഷ്യന്‍ കമ്പനികളുടെ സഹായവും തേടിയിട്ടുണ്ട്. റഷ്യന്‍ കമ്പനികളും ഇന്ത്യന്‍ കമ്പനിയായ എല്‍ ആന്‍ഡ് ടിയും ചേര്‍ന്നാവും കുറ്റപ്പണികള്‍ നടത്തുക. അതിനായി എല്‍ ആന്‍ഡ് ടിയും റഷ്യന്‍ കമ്പനികളുമായി കരാറുകള്‍ ഒപ്പുവച്ചുകഴിഞ്ഞു.
ജര്‍മ്മന്‍ നിര്‍മ്മിത അന്തര്‍വാഹിനികള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുനരുപയോഗം ചെയ്യാന്‍ തൈസന്‍ ക്രുപ് എന്ന ജര്‍മ്മന്‍ കമ്പനിയ്ക്ക് കരാര്‍ നല്‍കിക്കഴിഞ്ഞു. മുംബൈയില്‍ വച്ചാകും ഈ അറ്റകുറ്റപ്പണികള്‍ നടക്കുക.
പുതിയ അന്തര്‍വാഹിനികള്‍ക്കൊപ്പം അറ്റകുറ്റപ്പണികള്‍ നടത്തി പുനരുപയോഗത്തിനു പ്രാപ്തമാക്കിയ അന്തര്‍വാഹിനികള്‍ കൂടെയാകുമ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു ശക്തിയ്ക്കും വെല്ലുവിളിക്കാനാവാത്ത തരത്തില്‍ ഇന്ത്യന്‍ സാന്നിദ്ധ്യമുണ്ടാകും എന്ന് പ്രതിരോധവിദഗ്ധര്‍ പറഞ്ഞു.
Discussion about this post